Finland Education: Kerala Education reform – Part 3
Unnikrishnan S Kurup
Posted on
Posted in Education, Malayalam, Writings
No Comments
Tagged with education in Finland, finland, finland Education, kerala model, kerala reform
എന്ത് പഠിക്കണം 𝐯𝐬 എന്തും പഠിക്കാം
ജോലിയുടെ ഭാഗമായി കേരളത്തിലുള്ള പല വിദ്യാഭ്യാസ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. നമ്മുടെ പാഠ പുസ്തകങ്ങൾ “content heavy” ആണ് എന്ന് ഇവരെല്ലാം പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഫിൻലൻഡിൽ ആകട്ടെ ഞാൻ കണ്ട ഏറ്റവും വലിയ വ്യത്യാസം നേരത്തെ പറഞ്ഞ പോലെ എന്തെല്ലാം പഠിക്കണം എന്നല്ല എന്തുവന്നാലും എങ്ങനെ പഠിക്കാം എന്ന ഒരു രീതിയാണ്. ഇവിടെ സ്കൂളുകളിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് ഇത് എങ്ങനെ എന്ന് പറഞ്ഞു കൊടുക്കുന്നുണ്ട് .
ഈ ചിന്താഗതിയുടെ പിറകിലുള്ള യുക്തി എന്തെന്നാൽ നമ്മൾ പഠിക്കേണ്ടത് ആയ കാര്യങ്ങൾ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ മാത്രമാണല്ലോ ശാശ്വതം. നിങ്ങൾക്ക് കേൾക്കുമ്പോൾ ഇതൊരു വിപ്ലവകരമായ ചിന്തയായി തോന്നാം പക്ഷേ ഒന്ന് ആലോചിച്ചു നോക്കിയാൽ ഒരു വളരെ ലളിതമായ ആശയം മാത്രമാണ് ഇവിടെ പ്രസക്തം. ഇന്ന് പഠിക്കുന്ന കുട്ടികൾ ജീവിക്കേണ്ടത് ഇന്നല്ല, പത്തോ ഇരുപതോ വർഷങ്ങൾക്കുശേഷം ആണ്. അന്നത്തേക്ക് അവരെ എല്ലാ രീതിയിലും സജ്ജരാക്കുക എന്നുള്ളതായിരിക്കണം ഒരു പഠനരീതിയുടെ ലക്ഷ്യം. ഇന്ന് എന്ത് പഠിപ്പിച്ചാലും, വർഷങ്ങൾക്കുശേഷം ഈ പഠിക്കുന്നത് എല്ലാം ഉപയോഗം ഉണ്ടാവണം എന്ന് യാതൊരു ഉറപ്പുമില്ല. അന്ന് ഒരു ജീവിതമാർഗം കണ്ടുപിടിക്കാനായി വേണ്ടിവരിക, ചിലപ്പോൾ ഇപ്പോൾ നമുക്ക് ചിന്തിക്കാൻ കൂടെ പറ്റാത്ത പുതിയ ആശയങ്ങൾ ആയിരിക്കും. അങ്ങനെയിരിക്കെ ഇപ്പോൾ നമ്മൾ കുട്ടികളുടെ ക്ലാസ് മുറികളിൽ പരീക്ഷയിൽ മാർക്ക് മേടിക്കുക എന്നുള്ള ഒറ്റ ലക്ഷ്യത്തോടെ കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ട് കാര്യമില്ല.
അടിസ്ഥാനപരമായി കുറെ നല്ല മൂല്യങ്ങൾ ഉള്ള, സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും കഴിവുള്ള, ആജീവനാന്തം പുതിയ ആശയങ്ങൾ ഉൾകൊള്ളാൻ മടിയില്ലാത്ത ഒരു ജനതയെ വളർത്തിയെടുക്കുക എന്നതാണ് ഇവിടെയുള്ള പഠന രീതിയുടെ ലക്‌ഷ്യം.
പരീക്ഷയുടെ ആവശ്യം
ഈയിടയ്ക്ക് ഫിൻലൻഡിൽ ഉള്ള ഒരു വിദ്യാഭ്യാസ വിദഗ്ധനുമായി സംസാരിക്കാൻ ഒരു അവസരം കിട്ടി. അദ്ദേഹം ഇവിടെയുള്ള ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിന്റെ പ്രിൻസിപ്പൽ ആണ്. ഫിൻലൻഡിൽ എന്തുകൊണ്ട് നമ്മുടെ നാട്ടിലുള്ളതുപോലെ എല്ലാ അധ്യായന വർഷവും ഓണത്തിനും ക്രിസ്മസിനും രണ്ടു പരീക്ഷകളും അത് കഴിഞ്ഞ് അധ്യാന വർഷത്തിലെ അവസാനം അടുത്ത ക്ലാസിലേക്ക് പോകാൻ വേറൊരു പരീക്ഷയും എഴുതേണ്ടി വരുന്നില്ല എന്ന് ഞാൻ ചോദിച്ചു.
ഒരു പരീക്ഷ ഉണ്ടെങ്കിൽ കുട്ടികളും അവരെ പഠിപ്പിക്കുന്ന അധ്യാപകനും ആ ഒരു പരീക്ഷ നടക്കുന്ന തീയതിയിലേക്ക് മാത്രം ഫോക്കസ് ചെയ്തു പഠിക്കാനും പഠിപ്പിക്കാനും തുടങ്ങും. കുട്ടികൾ സ്കൂളിൽ പോകുന്നത് പഠിക്കാനാണ് , പരീക്ഷ എഴുതാൻ പഠിക്കാൻ അല്ല എന്ന് അവർ വിശ്വസിക്കുന്നു . പല കുട്ടികളുടെയും പഠനരീതിയും അവർക്ക് ഒരു കാര്യം പഠിച്ചെടുക്കാൻ വേണ്ടിവരുന്ന സമയവും വ്യത്യസ്തമാണ് അതുകൊണ്ടുതന്നെ എല്ലാ കുട്ടികളും പഠിച്ചു ഇന്ന തീയതിക്കുള്ളിൽ ഇന്ന കാര്യങ്ങളെക്കുറിച്ച് ഒരു പരീക്ഷ എഴുതണമെന്ന് പറയുന്നത് ഫിൻലൻഡുകാരെ സംബന്ധിച്ചിടത്തോളം ഒരു നല്ല രീതിയല്ല. ഇങ്ങനെ പഠിച്ചാൽ ആ പഠിച്ചതിൻ്റെ ആവശ്യമോ അത് ഇനി തുടർന്ന് പഠിക്കേണ്ടതിൻ്റ ആവശ്യമോ ആ കുട്ടിക്ക് മനസ്സിലാവില്ല എന്നുള്ളതാണ് ഇവരുടെ യുക്തി .
അവർ പറയുന്നത് ഒരു കുട്ടിക്ക് കാര്യങ്ങൾ പഠിച്ചെടുക്കാൻ ഒരു വർഷം മുഴുവനും ഉണ്ട് അത് ആ കുട്ടി ആ ഒരു വർഷം കൊണ്ട് പഠിച്ചെടുക്കുക എന്നുള്ളതാണ്. എന്നിരുന്നാലും എല്ലാ വർഷാവസാനവും പരീക്ഷയിലെ മാർക്ക് മാത്രം നോക്കി അല്ല ഇവിടെ കുട്ടികളുടെ കഴിവിനെ അളക്കുന്നത്. പകരം, ക്ലാസ്സിലെ മറ്റു കുട്ടികളുമായി ഇടപെഴുകുന്ന രീതികൾ, സഹായ മനസ്ഥിതി , ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള കാര്യപ്രാപ്‌തി എന്നിവയ്ക്കാണ് പ്രാധാന്യം. വലിയ ക്ലാസുകളിലേക്ക് ചെല്ലുമ്പോൾ, ഗ്രേഡോ മാർക്കോ അല്ല ഇവിടെ ഒരു കുട്ടിക്ക് കിട്ടാവുന്ന ഏറ്റൊവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നത്. കൂടെയുള്ള സഹപാഠികൾ വോട്ട് ചെയ്തു തിരഞ്ഞെടുക്കുന്ന ഏറ്റൊവും നല്ല സുഹൃത്ത് എന്ന പദവിയാണ്.
ഇങ്ങനെയെല്ലാം പറഞ്ഞാലും ഫിൻലൻഡിൽ പരീക്ഷകൾ ഉണ്ട്, ക്ലാസ്സിൽ കിട്ടുന്ന ഗ്രേഡുകളും പ്രധാനമാണ് , കൂടാതെ “lukio” എന്ന് അറിയപ്പെടുന്ന +2 വിൽ ചില ഇംഗ്ലിഷ് സ്‌കൂളുകളിലേക്കും, തലസ്ഥാന നഗരത്തിനടുത്തുള്ള ചില സ്‌കൂളുകളിൽ പ്രവേശനം കിട്ടാനും എൻട്രൻസ് പരീക്ഷകളും ഉണ്ട്. പക്ഷെ ഇതെല്ലം ഒരു കുട്ടിയുടെ കഴിവിനെ/ അറിവിനെ അളക്കാനാണ്. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാനല്ല. അതായത്, നാട്ടിലുള്ളത് പോലെ പരസ്യമായി പ്രസിദ്ധീകരിക്കപ്പെടുന്ന റാങ്കു ലിസ്റ്റൊന്നും ഇവിടെയില്ല.
പക്ഷെ ഇതിനൊരു ദൂഷ്യ വശം കൂടെ ഉണ്ട്. ഏഴാം ക്ലാസ്സുവരെ വലിയ പരീക്ഷകൾ എഴുതി ശീലം ഇല്ലാത്ത ഇവിടത്തെ കുട്ടികൾ, എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പെട്ടെന്ന് ഗ്രേഡിനെ കുറിച്ചും എൻട്രൻസ് പരീക്ഷകളെക്കുറിച്ചും ചിന്തിക്കുകയും ടെൻഷൻ അടിക്കുകയും ചെയ്തു തുടങ്ങുന്നു. അവർക്ക് ആ പ്രഷർ (pressure ) താങ്ങാൻ പറ്റുന്നില്ല എന്നൊക്കെ ഇവിടെ ചില അദ്യാപകർ പറഞ്ഞു കേട്ടിട്ടുണ്ട് . അത് വെച്ച് നോക്കുമ്പോൾ നാട്ടിലെ ഒന്നാം ക്ലാസ് മുതൽക്കേ തന്നെ വലിയ പരീക്ഷക്കും മാർക്കിനും കൊടുക്കുന്ന പ്രാധാന്യം കുട്ടികളെ കൂടുതൽ “Competitive & focused” ആക്കുന്നു. ഇതാണോ നല്ലത്? അല്ല എന്നും ആണ് എന്നും പറയാം. പക്ഷെ ഇവിടെ വിദ്യാഭ്യാസം തികച്ചും സൗജന്യം ആയതു കൊണ്ടും, ആരും പെട്ടെന്ന് പഠിച്ചു എവിടെയും എത്താൻ വേണ്ടി ധിറുതി പിടിക്കാത്തതുകൊണ്ടും, പഠനം എന്നത് കൂടെയുള്ളവരെ തോൽപ്പിക്കാൻ ഒരു ഓട്ടമത്സരം അല്ലാത്തത് കൊണ്ടും ഇവിടുത്തെ ചിന്താഗതിയിൽ ഒരു വലിയ വ്യത്യാസം ഉണ്ട്.
“തോൽവിയെ പേടിക്കാത്ത വിദ്യാർത്ഥികളും , അദ്യാപകരും പിന്നെ സ്കൂൾ അധികൃതരും“
Leave a Reply