Finland Education: Kerala Education reform – Part 2

Finland Education: Kerala Education reform – Part 2
 
ഫിന്നിഷ് വിദ്യാഭ്യാസത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ എടുത്തു പറയേണ്ടതും തെറ്റിധാരണ മാറ്റേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്. പലതവണയും കേട്ടിട്ടുള്ള രണ്ടു വാർത്തകൾ വെച്ച് തന്നെ തുടങ്ങാം.
 
1. ഫിൻലൻഡ്‌ സ്കൂളുകളിൽ ഹോംവർക്ക് ഒട്ടുംതന്നെയില്ല.
കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ആദ്യമേ തന്നെ പറയട്ടെ ഇതൊരു നുണയാണ്.
കേൾക്കുമ്പോൾ നല്ല രസമാണ് ഹോംവർക്ക് ഇല്ല, കളിച്ചു മാത്രം വളരുന്ന കുട്ടികൾ എന്നൊക്കെ കേൾക്കാൻ. പക്ഷെ ഫിൻലൻഡിലെ സ്കൂളുകളിൽ ഹോംവർക്ക് ഉണ്ട്. ഇവിടെ കുട്ടികൾക്ക് സ്കൂളിൽനിന്ന് ഹോംവർക്ക് ധാരാളം ലഭിക്കാറുമുണ്ട്. ഭാരതത്തിലെയും കേരളത്തിലെയും രീതികൾ വച്ച് നോക്കുമ്പോൾ താരതമ്യേന കുറച്ച് കുറവാണ് എന്നുള്ളത് മാത്രം ആണ് സത്യം.
ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് ദിവസേന ചെയ്യാൻ ഗണിതം, പരിസ്ഥിതി ശാസ്ത്രം എന്നിങ്ങനെ വിവിധ പാഠ്യ വിഷയങ്ങളിൽ ഹോംവർക്ക് കിട്ടാറുണ്ട്. വലിയ തോതിൽ അല്ല പക്ഷെ അന്ന് അന്ന് പഠിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാൻ പാകത്തിന് വേണ്ടിയാണ് ഇത്. കൂടാതെ വായനാ ശീലം കൂട്ടാൻ വേണ്ടി ലുകു ഡിപ്ലോമി “luku diplomi” എന്ന പേരിൽ എല്ലാ വർഷവും കുട്ടികൾക്ക് വായിച്ചു തീർക്കാനുള്ള പുസ്തകങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ മാതാപിതാക്കളുമായി ക്ലാസ് ടീച്ചർ പങ്കുവെക്കും. ഫിന്നിഷ് സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിൽ ചെറിയ ക്ലാസ്സുകളിൽ വെള്ളിയാഴ്ചകളിൽ ഹോം വർക്ക് കൊടുക്കാറില്ല എന്നുള്ളത് മാത്രമാണ് ഒരു സമാധാനം.
 
2. ഫിൻലൻഡിൽ കുട്ടികൾ പരീക്ഷ എഴുതാറില്ല.
ഇതും തെറ്റാണു. ഒന്നാം ക്ലാസ്സിൽ മുതൽ തന്നെ കുട്ടികൾക്ക് ക്വിസ്, ടെസ്റ്റ് (Koe in Finnish ) എന്നിവയെല്ലാം നടത്താറുണ്ട്. നമ്മുടെ നാട്ടിലെ പോലെ ഓണ പരീക്ഷ , ക്രിസ്മസ് പരീക്ഷ , പിന്നെ വർഷാവസാനം ഉള്ള പരീക്ഷ എന്നുള്ള ഒരു രീതി ഇവിടെയില്ല. ഇവിടെ കുട്ടികൾക്ക് എപ്പോ വേണമെങ്കിലും പരീക്ഷ വരാം. അതിൽ കിട്ടുന്ന മാർക്ക് വളരെ പ്രധാനപെട്ടതുമാണ്. പ്രത്യേകിച്ച് ആറാം ക്ലാസിനു ശേഷം.
ഒരു ക്ലാസ്സിൽ കുട്ടികൾക്ക് എത്ര ഹോംവർക് കൊടുക്കണം എത്ര പരീക്ഷ നടത്തണം എന്നത് അവരുടെ അദ്ധ്യാപകൻ ആണ് തീരുമാനിക്കുന്നത്. എങ്ങനെ പഠിപ്പിക്കണം എന്തെല്ലാം പഠനരീതികൾ ഉപയോഗിക്കണം എന്നുള്ളതും ക്ലാസ് അദ്ധ്യാപകൻ തന്നെ ആണ് തീരുമാനിക്കുന്നത്. ഇവിടെ ഒരു അദ്ധ്യാപകനിൽ ഉള്ള വിശ്വാസവും, അതിനാൽ അദ്ദേഹത്തിന് കിട്ടുന്നു സ്വാതന്ത്ര്യവും ആണ് പ്രധാനം.
 

പരീക്ഷകൾ ഇല്ലാത്ത നാട് എന്നുള്ളതല്ല ഫിൻലൻഡിനെ കുറിച്ച് പറയേണ്ടത്.

പരീക്ഷയുണ്ടെങ്കിലും ഒരു കുട്ടിയുടെ ഉത്തര കടലാസും അതിലടങ്ങുന്ന മാർക്കും ക്ലാസിനു മുന്നിൽ വിളിച്ചു പറയാത്ത ഒരു നാട് എന്നാണ്. അതെ, ഒന്നാം ക്ലാസ് മുതൽക്കേ തന്നെ ഒരു കുട്ടിയുടെ മാർക്ക് ആ കുട്ടിയുടെ മാത്രം ആണ്. മാർക്കു കുറഞ്ഞാലോ കൂടുതൽ കിട്ടിയാലോ നോട്ടീസ് ബോർഡിൽ ഇടുകയോ , ടീച്ചർ ക്ലാസ്സിന്റെ മുന്നിൽ ഉറക്കെ വിളിച്ചു പറയുകയോ ചെയ്യുന്ന ഒരു രീതി ഇവിടെയില്ല. ഇതിനെ കുറിച്ച് മാത്രം ഒരു ലേഖനം എഴുതേണ്ടതുണ്ട്.
ഒന്നു പറയട്ടെ ഫിൻലൻഡിലെ വിദ്യാഭ്യാസ രീതി വ്യത്യസ്തമാണ് എന്ന് പറയുന്നത് കുട്ടികൾക്ക് ഹോംവർക്ക് കുറച്ചു കൊടുക്കുന്നത് കൊണ്ടോ , വലിയ പരീക്ഷകൾ കൊച്ചു പ്രായത്തിലെ എഴുതാത്തത് കൊണ്ടോ, യൂണിഫോം ധരിക്കാത്തതു കൊണ്ടോ അല്ല . ഇവിടെ “എന്ത്, എങ്ങിനെ” പഠിപ്പിക്കുന്നു എന്നുള്ളതും, കുട്ടികളിൽ സ്വതന്ത്രമായി ചിന്തിക്കാൻ ഉള്ള കഴിവ് എത്രെ നേരത്തെ തന്നെ വളർത്തിയെടുക്കാം എന്നുള്ള ചിന്താഗതിയും ആണ് വ്യത്യസ്തമായി നിൽക്കുന്നത്.
ഒരു ഉദാഹരണം പറഞ്ഞു കൊണ്ട് നിർത്താം. ഇവിടെ എന്ത് പഠിക്കണം എന്നതിലുപരി, എന്തിനെ കുറിച്ചും എങ്ങിനെ പഠിക്കാം എന്നാണ് പറഞ്ഞു കൊടുക്കുന്നത്. ഉദാഹരണം പറഞ്ഞാൽ ഫിൻലണ്ടിൽ വലിയ ക്ലാസ്സിലെ ഒരു വിദ്യാർത്ഥി ചരിത്രം പഠിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിറക്കിയ ഒരു പുസ്തകം മുഴുവനും കാണാപ്പാഠം പഠിച്ചിട്ടല്ല . പകരം പുസ്തകത്തിലുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് , അതിനെ കുറിച്ച് പ്രത്യേകം പഠിക്കണം, അല്ലെങ്കിൽ ഒരു ലേഖനം / പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കണം..
അതിനായി ഇന്ന ഇന്ന പുസ്തകങ്ങൾ ഉപയോഗിക്കാം, ലൈബ്രറിയിൽ പോകാം, ഇൻ്റർനെട്ടിൽ നോക്കാം. അത് മാത്രം അല്ല, നോക്കുന്ന “sources” വ്യക്തമായി കുറിച്ചെടുക്കകയും, അതെഴുതിയ ലേഖകൻെ “bias” അല്ലെങ്കിൽ ചായ്‌വ് എന്താണ് എന്നെല്ലാം വ്യക്തമാക്കണം. അതിലെല്ലാം ഉപരി വലിയ ക്ലാസ്സുകളിൽ ഏറ്റൊവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് “plagarism check” അതായതു കോപ്പിയടിക്കൽ അശേഷം പാടില്ല എന്നുള്ള വസ്തുതയ്ക്കാണ്. അതായതു ഒരു റിപ്പോർട്ട് എഴുതുമ്പോൾ അത് അടുത്തിരിക്കുന്ന സുഹൃത്തിൻ്റെ റിപ്പോർട്ടുമായി സാമ്യം ഉണ്ടാകാൻ പാടില്ല എന്ന് മാത്രം അല്ല ഇന്റെർനെറ്റിൽ നിന്നും അതേപടി കോപ്പിയടിച്ചതും ആകാൻ പാടില്ല.
വിശക്കുന്നവനു പാക്കറ്റിൽ ആക്കി ഭക്ഷണം കൊടുക്കുന്നതിനു പകരം, ചേരുവകൾ എവിടെകിട്ടുമെന്നും എങ്ങനെ ഭക്ഷണം ഉണ്ടാക്കാം എന്നും പറഞ്ഞു കൊടുക്കുന്ന ഒരു രീതി. ഇനി വിശക്കുമ്പോൾ അവൻ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിച്ചോളും. വാസ്തവത്തിൽ എവിടെ നടക്കുന്നത് ഒരു വിദ്യാർത്ഥിയെ “life long learner” ആക്കി മാറ്റുക എന്ന ഒരു പ്രക്രിയ ആണ്.
 
 
 

Leave a Reply

Your email address will not be published. Required fields are marked *

*

This site uses Akismet to reduce spam. Learn how your comment data is processed.