Finland Education: Kerala Education reform – Part 4
Unnikrishnan S Kurup
Posted on
Posted in Education, Malayalam, Writings
No Comments
Tagged with finland Education, kerala, kerala education reform
വിദ്യാഭ്യാസം നന്നായാൽ മാത്രമേ സമൂഹം നന്നാവുകയൊള്ളു vs വിദ്യാഭ്യാസം നന്നാവണമെങ്കിൽ സമൂഹം കൂടെ വിചാരിക്കണം
ഒരു ഉദാഹണത്തിലൂടെ ഇത് വിശകലനം ചെയ്യാം.
ഇതിനുമുമ്പ് എഴുതിയ ലേഖനങ്ങളിൽ എല്ലാം ഫിന്നിഷ് വിദ്യാഭ്യാസ രീതി എന്ത്, എങ്ങനെ, എന്താണ് പ്രത്യേകത , ചില തെറ്റിധാരണകൾ അങ്ങനെ പലതും നമ്മൾ വിശകലനം ചെയ്തു നോക്കി. ഇനി എന്തുകൊണ്ടാണ് ഫിൻലൻഡ് എന്ന രാജ്യത്ത് മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം പ്രാവർത്തികമാക്കാൻ പറ്റുന്നത് എന്ന് നോക്കാം.
കുട്ടികളെ അവരവരുടെ കാര്യങ്ങൾ നോക്കി, സ്വതന്ത്രമായി ജീവിക്കാനും ചിന്തിക്കാനും, പഠിക്കാനും കാര്യങ്ങൾ തിരഞ്ഞെടുക്കാനും തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും എല്ലാം സജ്ജരാക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ ഫിൻലൻഡിൽ എന്ന് നമ്മൾ പറഞ്ഞല്ലോ. ആദ്യം തന്നെ സ്വന്തം കാര്യങ്ങൾ നോക്കി സ്വതന്ത്രമായി പഠിച്ചു വളരാൻ പറ്റുന്ന ഒരു സാഹചര്യം ആണോ നാട്ടിൽ എന്ന് നമുക്ക് വിശകലനം ചെയ്യാം.
ഈയിടയ്ക്ക് കേരളത്തിലും ഫിൻലൻഡിലും പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കുറച്ചു കുട്ടികളുമായി സംസാരിക്കാൻ ഇടയായി .ഇവിടത്തെ വിദ്യാഭ്യാസ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് ചോദിച്ചപ്പോൾ 15-16 വയസ്സുള്ള ആ കുട്ടികൾ വിരൽ ചൂണ്ടിയത് ഒന്ന് രണ്ടു വളരെ ചെറിയ വസ്തുതകളിലേക്കാണ്. ഇവിടുത്തെ കുട്ടികൾ രാവിലെ എഴുന്നേറ്റ് സ്വന്തം കാര്യം നോക്കി നടന്നോ , സൈക്കിളിലോ, ബസ്സിലോ കയറി ( അതായത് പബ്ലിക് ട്രാൻസ്പോർട്ട് or പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് ) രാവിലെ സ്കൂളിലേക്ക് പോവുകയാണ്. വൈകുന്നേരം ഇഷ്ടമുള്ള ഹോബി ആക്ടിവിറ്റികളിൽ പങ്കെടുക്കുകയും പൊതു ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് തെന്നെ തിരിച്ചു വീട്ടിൽ എത്തുകയും ചെയ്യുന്നു.
ഇത് കാരണം കുഞ്ഞുനാളിൽ തന്നെ പൊതുഗതാഗത മാർഗ്ഗങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്ന് അവർക്ക് മനസ്സിലാവുന്നു.
ഉദാഹരണത്തിന് എൻ്റെ രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ പബ്ലിക് ട്രാൻസ്പോർട്ട് മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് സ്കൂളിലേക്ക് പോകുന്നത്. പറഞ്ഞു വരുന്നത്, നാട്ടിലെപ്പോലെ സ്കൂൾ ബസുകൾ ഇവിടെ ഇല്ല.
അച്ഛൻ അമ്മമാർ, ഒരു ഹൈസ്കൂൾ കഴിയുന്നവരെ എങ്കിലും മക്കളെ താഴെ വീണാൽ പൊട്ടുന്ന ഒരു ചില്ല് ഗ്ലാസ് പോലെ പൊതിഞ്ഞെടുത്ത് ബസ്സിൽ വെക്കുകയും അത് അതേപോലെ സ്കൂളിൽ കൊണ്ട് ഇറക്കുകയും, തിരിച്ചുവരുമ്പോഴും ഇതേപോലെ കുട്ടികളെ വീട്ടിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ നാട്ടിലെ പ്രൈവറ്റ് സ്കൂളുകളിലെ ഒരു രീതിയാണ്. കുട്ടികൾ എവിടെ എത്തി, ഇപ്പോൾ കുട്ടികൾ എവിടെയുണ്ട്, അവർ സുരക്ഷിതരാണോ എന്നെല്ലാം അറിയാനുള്ള മാതാപിതാക്കളുടെ ആദി കൊണ്ടാണ്, അവർ സ്കൂൾ ബസ്സ് ഉപയോഗിക്കുന്നത്.
മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ കുട്ടികളുടെ സുരക്ഷയാണ്. സ്വന്തം കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി മാതാപിതാക്കൾ ഏതറ്റം വരെയും പോകും അതിൽ യാതൊരു തെറ്റുമില്ല. നല്ല നിലയിൽ ജോലി ചെയ്ത് ജീവിക്കുന്ന മാതാപിതാക്കൾ അവരുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗവും അവരുടെ കുട്ടികൾക്ക് ഏറ്റൊവും നല്ല വിദ്യാഭ്യാസം ലഭിക്കാനും, അത് സുരക്ഷിതമായി ചെയ്യാൻ പറ്റുന്ന സാഹചര്യം ഉണ്ടാക്കി കൊടുക്കാനും ആണ് ചിലവഴിക്കുന്നത്
നമ്മുടെ ഗവൺമെൻറ് സ്കൂളുകളിൽ രാവിലെ കുട്ടികൾ നടന്നോ പൊതു ഗതാഗത വാഹനങ്ങളിലോ സൈക്കിളിലോ ഒക്കെയാണ് എത്തിയിരുന്നത്. ഞാൻ പറഞ്ഞു വരുന്നത് എന്തെന്നാൽ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ചില രീതികൾ ഉണ്ട്. ആ രീതികൾ തന്നെയാണ് ഇവിടെയും ഫിന്നിഷ് വിദ്യാഭ്യാസ രീതിയുടെ ഏറ്റവും നല്ല ഒരു കാര്യമായി കുട്ടികൾ ഇങ്ങോട്ട് പറഞ്ഞുതന്നത്.
- സ്വന്തം വീടിനടുത്തുള്ള വിദ്യാലയങ്ങൾ
- അവിടേയ്ക്ക് സ്വന്തമായി യാത്ര ചെയ്തു പോകുന്ന കുട്ടികൾ
- ദിവസവും പോയി വരാൻ സുരക്ഷിതമായ സാഹചര്യങ്ങൾ.
- എല്ലാ ഗോവർമെൻറ് വിദ്യാലയങ്ങളിലും പഠന കാര്യങ്ങളിൽ ഏകദേശം ഒരേ നിലവാരം
- അതുകൊണ്ട് തന്നെ ഇന്ന വിദ്യാലയങ്ങളിൽ കൂടുതൽ ഫീസ് കൊടുത്ത് കുട്ടികളെ വിടാൻ നിർബന്ധിതരാവാത്ത മാതാപിതാക്കൾ.
ഞാൻ ഇവിടെ പ്രൈവറ്റ് സ്‌കൂളുകളിലേക്കോ സ്കൂൾ ബസ്സിൽ കയറ്റി കുട്ടികളെ വിടുന്ന മാതാപിതാക്കളിലേക്കോ അല്ല വിരൽ ചൂണ്ടുന്നത്. നാട്ടിൽ ഇപ്പൊൾ നിലനിൽക്കുന്ന ചില സാഹചര്യങ്ങൾ ആണ് നമ്മൾ ഇവിടെ പരിശോധിക്കേണ്ടത്.
നമ്മുടെ നാട്ടിൽ രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ പഠിക്കുന്ന ഒരു കുട്ടിക്ക് തൊട്ടടുത്തുള്ള ഒരു സ്കൂളിൽ രാവിലെ എഴുന്നേറ്റ് പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിച്ചോ , നടന്നോ , സൈക്കിളിലോ റോഡുകൾ മുറിച്ച് കടന്ന് സുരക്ഷിതമായി സ്കൂളുകളിലേക്ക് എത്തിപ്പെടാൻ പറ്റുമോ?
നാട്ടുമ്പുറങ്ങളിൽ പറ്റുമായിരിക്കും. കുറച്ചെങ്കിലും വലിയ ടൗണിലോ സിറ്റിയിലോ ഇതിനുള്ള സാഹചര്യം ഉണ്ടോ?. അടിസ്ഥാനപരമായി നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ കൊണ്ടാണ് ഇത് പ്രാവർത്തികം ആക്കാൻ പറ്റാത്തത് . മുകളിൽ പറഞ്ഞ മാതാപിതാക്കൾ ഉൾപ്പെടെയുള്ള സമൂഹം എങ്ങനെ വണ്ടിയോടിക്കുന്നു, ഗതാഗത നിയമങ്ങൾ പാലിക്കുന്നുടോ, സീബ്രാ ക്രോസിംഗുകളിൽ വണ്ടികൾ നിർത്തി കൊടുക്കാറുണ്ടോ, അമിത വേഗത്തിൽ വണ്ടി ഓടിക്കാറുണ്ടോ, വളവ് തിരിയുമ്പോൾ ഇൻഡിക്കേറ്ററുകൾ ഇടാറുണ്ടോ എന്നുള്ളതെല്ലാം ഈ ചോദ്യത്തിന് ഉത്തരമായി വരും. ഇതിൻ്റെ എല്ലാം ഉത്തരം ഇല്ല എന്നല്ലേ?
എൻ്റെ ആദ്യത്തെ ലേഖനത്തിൽ പറഞ്ഞു സമൂഹവും മാതാപിതാക്കളും മാറണം എന്ന്. അതാണ് ഞാനിവിടെ ഒന്നുകൂടെ ഊന്നിപ്പറയാൻ ശ്രമിക്കുന്നത്. കുട്ടികളെ സ്വതന്ത്ര ചിന്തകരായി സ്വന്തം കാര്യം നോക്കി ചെറുപ്രായത്തിലെ തന്നെ വളരാൻ സമ്മതിക്കാനുള്ള ഒരു പങ്ക് വഹിക്കുന്നത് ഒന്ന് നോക്കിയാൽ നമ്മുടെ സമൂഹം തന്നെയാണ്.
വിദ്യാഭ്യാസ രീതികൾ മാറ്റുന്നത് ഈ അടിസ്ഥാനപരമായ ചില മാറ്റങ്ങൾ സമൂഹത്തിൽ വരുത്താൻ വേണ്ടിയാണ്. ഇത് വരുത്താൻ ഒരു 20 വർഷത്തിനുള്ളിൽ നമുക്ക് കഴിയുമോ? അങ്ങനെ കഴിഞ്ഞാൽ രാവിലെ എഴുന്നേറ്റ് ഒരു കുട്ടിക്ക് സ്വന്തം കാര്യം നോക്കി നടന്ന് റോഡ് മുറിച്ച് കടന്നു സുരക്ഷിതമായി സ്കൂളിൽ എത്തിപ്പെടാനും കൂടുതൽ നേരം ലൈബ്രറിയിൽ ഇരിക്കേണ്ടി വന്നാൽ, കൂടുതൽ നേരം പ്രോജക്ട് വർക്കിന് വേണ്ടി സുഹൃത്തുക്കളോട് സംസാരിക്കേണ്ടി വന്നാൽ, കുറച്ചു വൈകിയാലും സുരക്ഷിതമായി തിരിച്ചു വീട്ടിൽ എത്താൻ പറ്റും. പറഞ്ഞുവരുന്നത് ഇതാണ് ഒരു വിദ്യാർത്ഥിയുടെ ജീവിതമെന്നത് ക്ലാസ് റൂമിലെ നാല് ചുവരുകളുടെ ഇടയിൽ ഉള്ളത് മാത്രമല്ല അവർ പഠിക്കുന്നത് അവർ സമൂഹത്തിൽ കാണുന്ന, കേൾക്കുന്ന കാര്യങ്ങൾ കൂടെയാണ്. അവർ വലുതാവുമ്പോൾ അവർ വാഹനമോടിക്കുമ്പോൾ, മറ്റുള്ളവരുമായി ഇടപെടുമ്പോൾ ഏതു രീതിയിലുള്ള ഒരു പൗരൻ ആകും എന്നത് അവർ ഇന്ന് സമൂഹത്തിൽ എന്ത് കാണുന്നു എന്ന് അനുസരിച്ചിരിക്കും.
സമൂഹം നന്നായാൽ മാത്രമേ കുട്ടികൾ നല്ല രീതിയിൽ പഠിക്കൂ എന്നല്ല ഞാൻ ഇതുകൊണ്ട് ഉദ്ദേശിച്ചത്. കുട്ടികളുടെ മനസ്സ് ഒരു സ്പോഞ്ച് പോലെയാണ് അത് കാണുന്നതും കേൾക്കുന്നതും എല്ലാം അതുപോലെ ഒപ്പിയെടുക്കും.
ഏതൊരു വലിയ മാറ്റവും പടി പടിയായി മാത്രമേ നമുക്ക് കൊണ്ടുവരാൻ പറ്റുകയുള്ളു. നാളെ രാവിലെ എനിക്കൊരു മണിമാളിക പണിയണം എന്ന് വിചാരിച്ചാൽ അത് സാധ്യമല്ല. അത് പണിയെണ്ടത് ഓരോ ഓരോ കല്ല് കൂട്ടി വെച്ചിട്ടാണ്. ഇത് ഇപ്പോൾ തുടങ്ങിയ ഒരു പത്തോ ഇരുപതു വർഷം കഴിയുമ്പോഴേക്കും നമ്മൾ സ്വപ്നം കണ്ട ആ മണിമാളിക നമുക്ക് പണിത് എടുക്കാൻ കഴിയും.
വിദ്യാഭ്യാസത്തിൽ സമൂഹത്തിന് ഇതിൽ കൂടുതൽ പങ്ക് വഹിക്കാൻ പറ്റുന്ന ( അല്ലെങ്കിൽ പങ്ക് വഹിക്കരുതാത്ത) മറ്റൊരു മേഖലയുണ്ട് “മറ്റുള്ളവർ എന്ത് പറയും” എന്ന ചിന്താഗതി ഒഴിവാക്കുക എന്നത്. അത് മറ്റൊരു ലേഖനത്തിൽ ചർച്ച ചെയ്യാം.
Leave a Reply