പാരീസ് സിറ്റി മെട്രോ
പാരീസ് എന്ന നഗരത്തെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് മനോഹരമായ ഈഫൽ ഗോപുരവും, നോട്രെടാം പള്ളിയും, Louvre മ്യൂസിയവും, ആർക്ക് ഡേ ട്രയമ്പും ഒക്കെയാണ്.
കാഴ്ചകൾ കാണാൻ വിനോദസഞ്ചാരിയായും, ജോലിയുടെ ആവശ്യത്തിനുമായെല്ലാം പലതവ പാരീസ് നഗരം സന്ദർശിക്കാൻ ഇടവന്നിട്ടുണ്ട്. അപ്പോഴെല്ലാം അറിയപ്പെടുന്ന ചരിത്ര പ്രധാനമായ സ്ഥലങ്ങൾ എല്ലാം സന്ദർശിച്ചു. എന്നാൽ, വളരെ അധികം വർഷങ്ങൾ എടുത്തു പണിഞ്ഞ, ഏറ്റവും സങ്കീർണമായ, ധാരാളം ജനങ്ങൾ ഉപയോഗിക്കുന്ന, അതുകൊണ്ടു തന്നെ ജന ജീവിതത്തെ ബാധിക്കുന്ന മനുഷ്യനിർമ്മിതമായ ഒരു വിസ്മയം ഭൂമിയുടെ അടിയിൽ പാരിസ് നഗരം ഒളിച്ചു വച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ ?
അത് പാരീസ് സിറ്റി മെട്രോ ശ്രിങ്കല ആണ്.
പ്രഥമദൃഷ്ടിയാൽ അത്ര വലിയൊരു സംഭവമായി നിങ്ങൾക്ക് തോന്നാൻ വഴിയില്ല. പക്ഷേ ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ മെട്രോ അല്ലെങ്കിൽ ഭൂഗർഭ റെയിൽവേ ഉള്ളത് പാരിസ് നഗരത്തിന് അടിയിലാണ്.
300ഇൽ പരം സ്റ്റേഷനുകൾ ഉള്ള, 230 ഓളം കിലോമീറ്റർ ധൈർക്യം ഉള്ള , പതിനാലു റൂട്ടുകൾ ഉള്ള ഈ മെട്രോയുടെ നിർമാണം തുടങ്ങിയത് 1896ലും പ്രവർത്തനം തുടങ്ങിയത് 1900 ത്തിലും ആണ്.
പ്രവർത്തനം തുടങ്ങിയിട്ട് 120 വർഷത്തിൽ പുറത്തു ആയെങ്കിലും ഇപ്പോഴും കുറച്ചു കുറച്ചായി വലുതായി കൊണ്ടിരിക്കുന്നു. 14 വ്യത്യസ്ത റെയിൽവേ ലൈനുകൾ ഉൾക്കൊള്ളുന്ന ഒരു വളരെ സങ്കീർണമായ, എന്നാൽ ഉപയോഗിക്കാനും മനസ്സിലാക്കാനും എളുപ്പമുള്ള ഒരു ഭൂഗർഭ റെയിൽവേ ആണ് പാരിസ് മെട്രോ. അതിൽ ആദ്യമായി യാത്ര ചെയ്യുമ്പോൾ , കാര്യങ്ങൾ ഒന്ന് പിടികിട്ടി വരുന്ന വരെ, യാത്രക്കാരുടെ “കിളി ” പോകാൻ ഇടയുണ്ട്. പക്ഷെ സംഗതി ഒന്ന് മനസിലാക്കി കഴിഞ്ഞാൽ പിന്നെ പാരിസിൽ എവിടെ വേണമെങ്കിലും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.
ചരിത്രം
1800-1850 വർഷ കാലയളവിൽ ലോകത്തിലെ വലിയ നഗരങ്ങളിൽ ഒന്നാമനായി ഇടം പിടിക്കാൻ ലണ്ടനും, പാരിസും, ന്യൂയോർക്ക് എല്ലാം തമ്മിൽ മത്സരിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പാരീസ് എന്ന നഗരം അന്ന് വളർന്നു തുടങ്ങിയിട്ടേയുള്ളൂ. പാരിസ് നഗരത്തിൻ്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സീൻ നദി(seine river) ഇങ്ങനെ ഒരു ബ്രിഹത് പദ്ധതിക്ക് ഒരു വലിയ വെല്ലുവിളി കൂടെയായിരുന്നു. മെട്രോ റെയിൽവേ നദി മുറിച്ചു കടക്കാനായി പലതരം പാലങ്ങളുടെ രുപ രേഖ അധികൃതർ പുറത്തു വിട്ടിരുന്നു. എന്നാൽ ജനങ്ങളും ചരക്ക് സാധനങ്ങളും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഒരു മാർഗം കൂടിയായിരുന്നു സീൻ നദി. ആ മാർഗത്തിന് തടസ്സം വരുന്ന രീതിയിൽ പാലങ്ങൾ പണിയാൻ പാടില്ല എന്ന വസ്തുത അവിടെ നിൽക്കേ ആദ്യമായി അക്കാലത്തെ സാങ്കേതികവിദ്യകൾക്കും ചിന്തകൾക്കും അധീതമായി, ഓസ്ട്രലിറ്സ് വയഡക്ട് (Austerlitz Viaduct), പാരീസ് മെട്രോയുടെ ഭാഗമായി നിർമിക്കുകയുണ്ടായി. അങ്ങനെ കാലത്തിനധീതമായി ചിന്തിച്ചു നിർമിച്ച പല രസകരമായ ഘടകങ്ങൾ അടങ്ങുന്ന ഒരു പദ്ധതിയായിരുന്നു പാരീസ് മെട്രോ.
തൊട്ടപ്പുറത്ത് ഇംഗ്ലണ്ടിലെ, ലണ്ടനിൽ ഭൂഗർഭ തുരങ്കങ്ങളിലൂടെ നീരാവിയുടെ സഹായത്താൽ ഓടുന്ന റയിൽവേ വന്നു കഴിഞ്ഞിരുന്നു.. എന്നാൽ അത് അത്ര പ്രാവർത്തികമായ ഒരു പരിഹാരമല്ല എന്ന് ഫ്രഞ്ച് അധികൃതർക്ക് അറിയാമായിരുന്നു. കുറച്ചുനാൾ കാത്തിരിക്കേണ്ടി വന്നെങ്കിലും അവരുടെ കയ്യിൽ കിട്ടിയ ഒരു തുറുപ്പ് ചീട്ട് ആ കാലത്ത് പുതുതായി കണ്ടു പിടിച്ച ഒരു സാങ്കേതിക വിദ്യയാണ്. വൈദ്യുതി
അതായത് ഭൂഗർഭ തുരംഗങ്ങളിലൂടെ വൈദ്യുതി കൊണ്ട് ഓടുന്ന റെയിൽവേ. അതുകൊണ്ടു തന്നെ നീരാവി ഉല്പാദനത്തിന് കൽക്കരി കത്തിച്ചുണ്ടാകുന്ന പുകയോ പൊടിയോ ഒന്നും ഉണ്ടാവില്ല.
സവിശേഷതകൾ
ആ കാലഘട്ടത്തിൽ ഒരു നൂറു വർഷം മുന്നിൽകണ്ട് ഉണ്ടാക്കിയത് കൊണ്ടായിരിക്കണം ചില കാര്യങ്ങൾ വളരെ ശ്രദ്ധിച്ചു സൂക്ഷിച്ചും ചെയ്തിട്ടുണ്ട് എന്നാൽ ഇപ്പോൾ പ്രസക്തമായ പല കാര്യങ്ങളും വിട്ടുപോയിട്ടുമുണ്ട്. ഉദാഹരണത്തിന് പാരിസിൽ താമസിക്കുന്ന ഏതൊരു വ്യക്തിക്കും 400 മീറ്ററിനുള്ളിൽ തന്നെ ഒരു മെട്രോ സ്റ്റേഷൻ ഉണ്ടാകണമെന്ന് ആയിരുന്നു ഈ ബൃഹത് പദ്ധതിയുടെ ഒരു വ്യവസ്ഥയായി പാരിസ് നഗരസഭ മുന്നോട്ടുവച്ചത്. അതുകൊണ്ട് മുക്കിനും മൂലക്കും പാരീസിൽ മെട്രോ സ്റ്റേഷനുകൾ ഉണ്ട്. മേൽപ്പറഞ്ഞ നദിയുടെ അടിയിലൂടെയും മുകളിലൂടെയും പോകുന്ന മെട്രോ ലൈനുകളും ഉണ്ട്. പല റൂട്ടുകളിൽ യാത്ര ചെയ്തു പാരീസിലെ എവിടെയും എത്താൻ പറ്റുന്ന രീതിയിൽ ഉള്ള നിർമാണം. സ്റ്റേഷനുകളുടെ ഇടയിൽ തുരങ്കത്തിലൂടെ നടന്നു റൂട്ട് മാറി കേറാനുള്ള സംവിധാനം. ഇതെല്ലാം എടുത്തു പറയേണ്ടതാണ്.
പക്ഷെ എന്നിരുന്നാലും, ഭിന്ന ശേഷിയുള്ളവർക്ക് ഒരു വീൽചെയറിലോ അല്ലെങ്കിൽ ഒരു ലിഫ്റ്റിൽ യാത്ര ചെയ്തോ മെട്രോയിൽ ചെന്നെത്തി യാത്ര ചെയ്യാനുള്ള സംവിധാനം ഇവിടെയില്ല. ധാരാളം പടികൾ ഇറങ്ങാനും കയറാനും ഉണ്ട്. ചില സ്ഥലങ്ങളിൽ ഒത്തിരി കുത്തനെയുള്ള പടികളിൽ മാത്രം അവർ എസ്കലേറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ്, നിർമാണം നടക്കുന്ന സമയത്ത് പാരിസ് നഗരം തന്നെ കുത്തിപ്പൊളിച്ചാണ് തുരങ്കങ്ങൾ ഉണ്ടാക്കിയത്. ഇപ്പോഴും പാരിസ് മെട്രോയിലെ പല റൂട്ടുകളുടെയും വിപുലീകരണം നടക്കുന്നുണ്ട്. ഇപ്പോഴാകട്ടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊണ്ട ബോറിംഗ് മെഷീനുകൾ ഉപയോഗിച്ചാണ് തുരങ്കം പണിഞ്ഞുണ്ടാക്കുന്നത്.
24 മണിക്കൂറും ഇല്ലെങ്കിലും, ദിവസവും മണിക്കൂറുകൾ വളരെ കാര്യക്ഷമതയോടെ ഈ മെട്രോ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. തിരക്കുള്ള സമയങ്ങളിൽ എല്ലാ രണ്ടു മിനുട്ടുകൾ കൂടുമ്പോൾ ട്രെയിനുകൾ ഉണ്ട്.
പാരിസിൽ താമസിക്കുന്ന ജനങ്ങളോട് പാരീസ് മെട്രോയെ കുറിച്ച് പറയാൻ പറഞ്ഞാൽ അവർ പറയുന്നത് പക്ഷെ അത്ര നല്ല കാര്യങ്ങൾ അല്ല.
മിക്കവാറും സമയത്തിനോടാത്ത ഒരു റെയിൽവേയാണ് പാരിസ് മെട്രോ , അതുപോലെ എപ്പോഴും തിരക്കുമാണ് . പക്ഷെ ലക്ഷക്കണക്കിന് ജനങ്ങൾ ജീവിക്കുന്ന പാരീസിൻ്റെ നിലത്തുകളിൾ ഓടുന്ന ബസ്സുകളെക്കാൾ കൂടുതൽ ആൾക്കാർ യാത്ര ചെയ്യുന്നത് പാരിസ് മെട്രോയിൽ തന്നെ ആണ്.
ഉപയോഗം
പതിനാലു നിറങ്ങളിൽ ഓരോ റൂട്ടുകളും കൃത്യമായി അടയാളപ്പെടുത്തിയ ഒരു മാപ്പിൻ്റെ ചിത്രമാണ് നമക്ക് ആദ്യം കാണാൻ കഴിയുന്നത്. കണ്ടാൽ ഒരു കുട്ടി കയ്യിൽ കിട്ടിയ കടലാസിൽ കാക്കര പൂക്കര വരച്ച പോലെ ഉണ്ട് . പക്ഷെ അതിൽ ഓരോ നിറത്തിൽ ഉള്ള വരയും മേല്പറഞ്ഞ 14 റൂട്ടുകളിൽ ഒരെണ്ണമാണ് .അതിൽ കൃത്യമായി എവിടെഎല്ലാം ഇറങ്ങാമെന്നും, എവിടെ ഇറങ്ങിയാൽ മറ്റൊരു റൂട്ട് ട്രെയിനിൽ കയറാം എന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ മൊബൈൽ ആപ്പുകൾ (ഗൂഗിൾ മാപ്‌സ് , കൂടാതെ Bonjour RATP ) കൂടെ ഉപയോഗിക്കാം.
പാരീസ് നഗരത്തിൽ പലയിടങ്ങളിൽ metro എന്നെഴുതി വെച്ചിരിക്കുന്നത് കാണാം. താഴേയ്ക്കു നയിക്കുന്ന കുറെ പടികളും കാണും. കൃത്യമായി ഏതു റൂട്ട് ആണ് ഈ സ്റ്റേഷനിൽ വരുന്നത് എന്ന് അടയാളപ്പെടുത്തിയിട്ടുമുണ്ട്.
ആദ്യമായി പാരീസ് കാണാൻ പോകുന്ന സഞ്ചാരികൾ കണ്ടും ഉപയോഗിച്ചും അനുഭവിച്ചും അറിയണ്ട ഒരു വിസ്മയം തന്നെയാണ് ഇവിടുത്തെ മെട്രോ. നമ്മൾ കണ്ടിട്ടുള്ള കൊച്ചി മെട്രോ , കൂടാതെ മറ്റു മെട്രോകളുടെയെല്ലാം പേരിലുള്ള “metro” എന്ന വാക്ക് “പാരീസ് മെട്രോപൊളിറ്റൻ “ എന്ന പേരിൻ്റെ ചുരുക്ക പേരായി വന്നതാണ് എന്നും ഇവിടെ പറഞ്ഞുകൊള്ളട്ടെ.
Leave a Reply