ജീവന്‍ തുടിക്കുന്ന സമുദ്രങ്ങള്‍ : ഭാഗം 2

ജീവന്‍ തുടിക്കുന്ന സമുദ്രങ്ങള്‍ : ഭാഗം 2
രണ്ടാം ഭാഗം
 
ഡൈവിംങ്ങിനു പറ്റിയ നല്ല സ്ഥലങ്ങള്‍  ഭൂരിഭാഗവും ഭൂമിയുടെ മധ്യ രേഘയോടു ചേര്‍ന്ന് കിടക്കുന്ന തായ്‌ലാന്‍ഡ്‌,  ഇന്തോനേഷ്യ, ഹവായി, മലേഷ്യ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ്.  ഇതിലെല്ലാം ഉപരി  എന്നെങ്കിലും ഒരിക്കല്‍ പോകണം എന്ന് മനസ്സില്‍ കുറിച്ച് വെച്ചിരിക്കുന്ന ഒരു സ്ഥലമാണ് മെക്സിക്കോയിലെ (Cenotes Yukatan) സെനോട്ടെസ് യുകടാന്‍ എന്ന സ്ഥലം. ലോകത്തില്‍ എറ്റൊവും കൂടുതല്‍ ഭുഗര്‍ബഗുഹകള്‍ ഉള്ള, സ്ഥലമാണിത്.
 

200ഇല്‍ കൂടുതല്‍ കിലോമീറ്റര്‍ നീളത്തിലാണ് ഈ ഗുഹകള്‍ നീണ്ടു കിടക്കുന്നത്. അവിടെ കടലിലെ പോലെ ജീവജാലങ്ങള്‍ ഇല്ലെങ്കിലും അതിലും  പ്രത്യേകതയുള്ള  ഒരു പതിഭാസം നിലകൊള്ളുന്നു. നമ്മളെല്ലാവരും ശാസ്ത്രത്തില്‍ പഠിച്ചിട്ടുള്ള ഉപ്പുവെള്ളവും ശുദ്ധജലവും തമ്മിലുള്ള സാന്ദ്രതയുടെ വെത്യാസം കാരണം ഉണ്ടാകുന്ന “haloclines” ഹാലോക്ലിന്‍.  മുകളിലെ ശുദ്ധജല തടാകത്തിലുടെ ഡൈവിംഗ് തുടങ്ങിയാല്‍ അത് അവസാനിക്കുന്നത് കടലിലാണ്. അതിനിടെയില്‍, ഉപ്പു വെള്ളം താഴെയും, ശുദ്ധജലം മുകളിലുമായി വേര്‍തിരിച്ചു വെച്ചിരിക്കുന്ന ഒരു പാളി.  അവിടെ വെളിച്ചം വളരെ വ്യതസ്തമായി ആണ് പെരുമാറുന്നതത്രേ. എണ്ണയും വെള്ളവും കലങ്ങിയപോലെ , ഒരു തെളിഞ്ഞ പാട എന്ന് വേണം ഇതിനെ  പറയാന്‍ എന്നാണ്, അവിടെ പോയി ഡൈവിംഗ് നടത്തിയ എന്‍റെ ഓസ്ട്രേലിയക്കാരനായ പരിശീലകന്‍ പറഞ്ഞത്. ആവശ്യത്തിനു ഡൈവിംഗ് ചെയ്തു “കൈ തെളിഞ്ഞതിനു ശേഷം” എപ്പോഴെങ്കിലും അവിടെ പോകണം എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.

സ്കുബ ഡൈവിംഗ്  – തുടര്‍ച്ച

 വെള്ളത്തില്‍ ഇറങ്ങിയാല്‍ നമ്മളെ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്ന “BCD” അഥവാ “buoyancy control device” ആണ് അടുത്ത ഘടകം. വിമാനത്തില്‍ യാത്രചെയ്യുന്നതിന് മുന്നോടിയായി നമ്മള്‍ക്ക് കിട്ടുന്ന സുരക്ഷാനിര്‍ദേശങ്ങളില്‍ പറയുന്ന കാറ്റ്നിറക്കുന്ന “life jacket” ലൈഫ് ജാക്കെറ്റ്‌ പോലെ എന്ന് വേണമെങ്കില്‍ പറയാം. വെള്ളത്തിനടിയില്‍ മുങ്ങിപോകാതെയും അതേപോലെ തന്നെ പൊങ്ങി പോകാതെയും മുന്നോട്ടും പുറകോട്ടും പോകുക എന്നത് ഏകദേശം സൈക്കിള്‍ഓടിക്കാന്‍ പഠിക്കുന്നത് പോലെ ആണ്. ആദ്യം ഭയങ്കര ബുദ്ധിമുട്ടായി തോന്നും പക്ഷെ BCDയുടെ സഹായത്താല്‍ നമ്മള്‍ക്കത്‌ സാദിക്കും. വെള്ളത്തിന്‍റെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കാന്‍ BCD നിറച്ചും വായു നിറക്കുകയും പിന്നെ താഴേക്കുപോകാന്‍ വായുപുറത്തേക്കു വിടുകയും വേണം. വെള്ളത്തിന്റെ അടിയില്‍ എത്തിയാല്‍ പിന്നെ നമ്മുടെ ശരീരത്തില്‍ തന്നെയുള്ള BCD ആണ് നമ്മള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടത്. അതായതു നമ്മുടെ ശ്വാസകോശം തന്നെ. നമ്മള്‍ കൂടുതല്‍ വായു സിലിന്‍റെരില്‍ നിന്നും ശാസിച്ചു ശ്വാസകോശം നിറച്ചാല്‍ ഒന്ന് രണ്ടു നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മളുടെ ശരീരം പോങ്ങിതുടങ്ങും, അതേപോലെ ശാസം വിട്ടുകളഞ്ഞാല്‍ താഴേക്കു പോകുകയും ചെയ്യും. നമ്മുടെ ശാസം  ഉപയോഗിച്ചും BCDയിലെ വായുവിന്‍റെ അളവുപയോഗിച്ചും നമ്മള്‍ക്ക് “perfect neutral buoyancy” കൈവരിക്കാന്‍ കഴിയുക എന്നതാണ് ഏതൊരു ഡൈവറിന്റെയും ലക്‌ഷ്യം. പ്രാഥമിക പാഠങ്ങള്‍ കഴിഞ്ഞാല്‍ ഇതിനു വേണ്ടി മാത്രം ഉള്ള പ്രത്യേക പഠന ശ്രേണികള്‍ വരെ ഉണ്ട്. മുന്‍പ് പറഞ്ഞ ഭൂഗര്‍ഭഗുഹകളില്‍ ഡൈവിംഗ്ചെയ്യുമ്പോള്‍ ഒരേ നിലയില്‍ വെള്ളത്തില്‍ നില്ക്കാന്‍ കഴിയുക എന്നത് വളരെ അനിവാര്യമാണ്. 
 
പഠനത്തിന്‍റെ ഭാഗമായി നമ്മളെ ഏതു രീതിയിലുള്ള അത്യാഹിതവും അതിജീവിക്കാനുള്ള രക്ഷാ മുറകളാണ് പരിശീലിപ്പിക്കുന്നത്. വായു ശ്വസിക്കുന്ന “mouth piece”  അഥവാ ഊരി പോയാല്‍ എങ്ങനെ അത് തിരിച്ചെടുക്കാം എന്നതാണ് ആദ്യത്തെ പാഠം. ഒറ്റ ശ്വാസത്തില്‍ വേണം ഇതു ചെയ്യാന്‍. വെള്ളത്തിന്‌ പുറത്തു വെച്ച് പറഞ്ഞു തന്നപ്പോള്‍ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. എന്നാല്‍ കടലിന്‍റെ അടിത്തട്ടില്‍ പരിശീലനത്തിനായി തടിയില്‍ ഉണ്ടാക്കിയ ഒരു തിട്ടയില്‍ നിന്ന് അത് ചെയ്യുമ്പോള്‍ ആദ്യം ഒന്ന് പതറാതെ  ഇരുന്നില്ല. എന്നാല്‍ ചെയ്യേണ്ട  രക്ഷാ മുറകളിലെ എറ്റൊവും ബുദ്ധിമുട്ട് കുറഞ്ഞത്‌ അതായിരുന്നു. വെള്ളത്തിനടിയില്‍ വെച്ച് സിലിന്‍റെറിന്‍റെ കേടുപാട് മൂലമോ അല്ലെങ്കില്‍ മനുഷ്യനാലുണ്ടായ അശ്രദ്ധ മൂലമോ അഥവാ ശ്വാസവായു തീര്‍ന്നു പോയാല്‍ എന്ത് ചെയ്യണം എന്നതില്‍ തുടങ്ങി, അതെ സാഹചര്യത്തില്‍ കൂടെയുള്ള ഡൈവറിനെ എങ്ങനെ  രക്ഷിക്കാം എന്നതെല്ലാം പരിശീലനത്തില്‍ ഉളപെട്ടിട്ടുണ്ട്. എല്ലാം കഴിഞ്ഞു നമ്മള്‍ ഈ ചെയ്തതെല്ലാം, മുഖത്ത് മാസ്ക് ഇല്ലാതെ കൂടെ ചെയ്തു കാണിക്കേണ്ടതായിട്ടുണ്ട്. തണുത്ത വെള്ളത്തില്‍ അധികനേരം നില്‍ക്കേണ്ടി വരുമ്പോള്‍ പേശിവലിവ് ഉണ്ടാകുന്നതു ഡൈവിംഗിനിടയില്‍ സാധാരണമാണ്. അങ്ങനെ വരുമ്പോള്‍ കൂടെയുള്ളവര്‍ക്ക് ചെയ്തു കൊടുക്കേണ്ടതും അതുകൂടാതെ കൂടെയുള്ള ആള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെള്ളത്തിന്‍റെ ഉപരിതലത്തില്‍ എത്തിയതിനു ശേഷം, വെള്ളത്തില്‍ പോങ്ങിക്കിടക്കുമ്പോള്‍ എങ്ങനെ ശിശ്രൂഷിക്കാം എന്നതും നമ്മള്‍ പരിശീലിക്കെണ്ടാതായുണ്ട്. ചുരുക്കം പറഞ്ഞാല്‍ രണ്ടു ദിവസത്തെ പരിശീലനം കഴിയുമ്പോഴേക്കും എന്തിനേം അതിജീവിക്കാന്‍ ദൈര്യമുണ്ടാകും, പക്ഷെ മനസ്സില്‍ എവിടെയോ ഒരു കോണില്‍ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നറിഞ്ഞത് കാരണമുള്ള ഭാരവും കൂടി കൂടി വന്നു.
 
മുങ്ങുന്നതിനു മുന്‍പുള്ള കാത്തിരിപ്പ്

ആദ്യത്തെ ഡൈവ്

ഡൈവ്  കേന്ദ്രങ്ങള്‍ നേരത്തെ തീരുമാനിച്ച ചില പ്രത്യേക സ്ഥലങ്ങളിലാണ് നമ്മളെ ആദ്യം കൊണ്ട് പോകുന്നത്. ഓരോ സ്ഥലങ്ങള്‍ക്കും പ്രത്യേക പേരുകള്‍ കൊടുത്തു തരം തിരിച്ചിരിക്കുന്നു. “Novice bay” എന്ന് പേരുള്ള വളരെ എളുപ്പത്തില്‍ എത്തിപ്പറ്റാവുന്നതും അധികം ആഴം ഇല്ലാത്തതുമായ ഒരു സ്ഥലത്താണ് ആദ്യം കൊണ്ട് പോയത്. ഇവിടുത്തെ പ്രത്യേകത എന്തെന്നാല്‍ അടിത്തട്ടില്‍ മണല്‍ മാത്രം നിറഞ്ഞ കുറെ അധികം സ്ഥലം ഉണ്ടെന്നുള്ളതാണ്. ആദ്യം നമ്മള്‍ തലേന്ന് പഠിച്ച കാര്യങ്ങള്‍ പരിശീലകന്‍ പറയുന്നതിനനുസരിച്ച് ഇവിടെയും ചെയ്തു കാണിക്കെണ്ടതായുണ്ട്. ബോട്ടില്‍ ഇരുന്നു ഡൈവ് വസ്ത്രം ധരിച്ച് എല്ലാ രീതിയിലും സജ്ജമായി കഴിഞ്ഞപ്പോള്‍ തന്നെ കുറച്ചു ക്ഷീണിച്ചു. വായു നിറച്ച സിലിന്‍റെര്‍ ചുമലിലേറ്റി, ചൂടത്ത് ദേഹം മുഴുവനും മൂടിയ “neoprene” വസ്ത്രവും ധരിച്ച് ഇരിക്കുന്നത് അത്ര സുഖകരമായ ഒരു അനുഭവമല്ല. ബോട്ടിന്‍റെ ഓരം ചേര്‍ന്നിരുന്നു പുറകോട്ടു മലര്‍ന്നു കടലിലേക്ക്‌ ആദ്യമായി ചാടിയ ആ നിമിഷം പല ദൈവങ്ങളെയും ഞാന്‍ വിളിച്ചു പോയി. മനസ്സില്‍ ഒന്ന് രണ്ടു നിമിഷങ്ങളിലേക്ക് ഒരു വെപ്രാളമായിരുന്നു. കടലിലെ തിരമാലകള്‍,  BCDയില്‍ നിറച്ച വായുവിന്‍റെസഹായത്താല്‍ പോങ്ങികിടക്കുന്ന എന്നെ അങ്ങോട്ടും ഇങ്ങോട്ടും തട്ടികളിച്ചു കൊണ്ടിരുന്നു. ഒന്ന് രണ്ടു ശ്വാസമെടുത്തതിനു ശേഷമാണ് മനസൊന്നു തഞ്ചമായാത്. തലയില്‍ ഒരു കൈ മടക്കി വെച്ച് “All OK” എന്ന് ബോട്ടിന് സൂചന കൊടുത്തതിന് ശേഷം, ഇത്രെയും നാള്‍ കാത്തിരുന്ന ആ നിമിഷത്തിലേക്ക് ഞാന്‍ ആഴ്‌ന്നിറങ്ങി. 
 
പഠനസാമഗ്രികളില്‍ പലപ്പോഴും പറഞ്ഞിരുന്നു നമ്മള്‍ കടലില്‍ അഥിതികളാണെന്നു. ഞാന്‍ എന്ന അഥിതിയെ സല്‍ക്കരിക്കാന്‍ ചുറ്റും കൂടിയത് പലതരത്തിലും വര്‍ണത്തിലും ഉള്ള നൂറുകണക്കിന് മീനുകളാണ്. ബോട്ടില്‍ ഇരുന്നപ്പോള്‍ തോന്നിയ ശ്വാസംമുട്ടലും അസ്വസ്ഥതയും എല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതായി എന്ന് വേണം പറയാം. നമ്മള്‍ പറന്നു നടക്കുകയാണ് മത്സ്യങ്ങളുടെ കൂടെ. താഴേക്ക്‌ പോകുന്തോറും വെള്ളത്തിന്‍റെ തണുപ്പ് കൂടി കൂടി വന്നു കൊണ്ടിരുന്നു. വെള്ളത്തില്‍ താഴ്ന്നു പോകുന്തോറും ഉയര്‍ന്നു വരുന്ന സമ്മര്‍ദം കാരണം ചെവിയില്‍ വേദന ഉണ്ടാകും. വിരലുകളുടെ സഹായത്താല്‍ മൂക്ക് അടച്ചു  പുറത്തേക്കു ശ്വാസം വിടാന്‍ ശ്രമിക്കുമ്പോള്‍ ആ വേദനകുറയും. “Equalizing” എന്നാണ് ഇതിനു പറയുന്ന പേര്. താഴേക്കു പോകുന്തോറും നമ്മള്‍ ഇടയ്ക്ക് ഇടയ്ക്ക് ഇതു ചെയ്തു കൊണ്ടിരിക്കണം. തുടക്കക്കാരന് എന്തുകൊണ്ട് മണല്‍ നിറഞ്ഞ സ്ഥലം തന്നെ ആദ്യം കൊടുത്തു എന്നത് എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അങ്ങകലെ മണലിനപ്പുറം കടലിന്‍റെ അടിത്തട്ടില്‍ മുള്ളുകള്‍ നിറഞ്ഞ “sea urchins” ധാരാളമായി കാണാമായിരുന്നു. ആ മുള്ളുകളില്‍ വിഷം ഇല്ലെങ്കിലും, തോട്ടുപോയാല്‍ വേദനകൊണ്ട് പുളഞ്ഞു പോകും എന്ന് എന്‍റെ പരിശീലകന്‍ മുന്നറിയിപ്പ് തന്നിരുന്നു.  കുറച്ചു നേരം കടലിന്‍റെ അടിത്തട്ടില്‍ നിന്നുകൊണ്ട്  നേരത്തെ പറഞ്ഞ രക്ഷാ മുറകള്‍ പരിശീലിച്ചതിന് ശേഷം വീണ്ടും മത്സ്യങ്ങളുടെ കൂടെ നീന്തി തുടങ്ങി. തുടക്കക്കാരനായ ഞാന്‍ നേരെ മുന്നോട്ടു പോകുന്നതിനു പകരം മുകളിലോട്ടും താഴേക്കും ആണ് കൂടുതല്‍ നീന്തികൊണ്ടിരുന്നത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും പക്ഷെ എല്ലാം ശെരിയായി എന്ന് വേണം പറയാന്‍.  ജീവിതത്തില്‍ ആദ്യം. കാലുകുത്താതെ സൈക്കിള്‍ ഓടിച്ചപ്പോള്‍ ഉണ്ടായ അതെ സന്തോഷം മനസ്സില്‍ ഓടിയെത്തി. വായു നിറച്ച സിലിന്‍റെറില്‍ സമ്മര്‍ദം എത്രെതോളം ഉണ്ട് എന്ന് നമ്മള്‍ക്ക് ഇപ്പോഴും ഒരു കണ്ണുവേണം. തുടക്കകാരനായത് കൊണ്ട് ശ്വാസം എടുക്കുന്നത് കൂടുതലായിരിക്കും, അതായതു ശ്വാസവായു പെട്ടെന്ന് തന്നെ തീര്‍ന്നു പോകാം. വെള്ളത്തിനടിയില്‍ ആയിരിക്കുമ്പോള്‍ നമ്മള്‍ ദ്യാനത്തില്‍ ഇരിക്കുബോഴുള്ള പോലെ ശാന്തമായി, വളരെ പതുക്കെ ശ്വാസമെടുക്കണം എന്ന് എപ്പോഴും പരിശീലകന്‍ പറയുന്നുണ്ടായിരുന്നു.

“Wreck Dive”

ആറു ഡൈവുകള്‍ കഴിഞ്ഞു.  അറബികടലിന്‍റെ അടിത്തട്ടില്‍ പോയി പലതരം മത്സ്യങ്ങളെയും കണ്ടു, അമ്പതു ചോദ്യങ്ങള്‍ ഉള്ള ഒരു പരീക്ഷ പാസായി, പരിശീലകനു എന്‍റെ ഡൈവിംങ്ങ് കുഴപ്പമില്ലെന്ന് തോന്നി അങ്ങനെ ഇതെല്ലാം കഴിഞ്ഞപ്പോള്‍ പതിനെട്ടു മീറ്റര്‍ വരെ താഴെ മുങ്ങാനുള്ള  ലൈസെന്‍സും കിട്ടി.  എല്ലാ ഡൈവുകളും “Dive Log”ഇല്‍ എഴുതിയിട്ട് ഇനി എന്ത് എന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ്, പരിശീലകന്‍ ചോദികുന്നത് , “Are you interested in a Wreck Dive?”.  അതെ എന്നല്ലാതെ വേറൊന്നും എനിക്ക് പറയാന്‍ പറ്റിയില്ല.  ഇത്രെയും തവണ പരിശീലനത്തിനായി ഡൈവിംഗ് നടത്തിയപ്പോള്‍ ക്യാമറ വെള്ളത്തിനടിയില്‍ കൊണ്ടുപോകാന്‍ അനുവാദമില്ലായിരുന്നു. എന്‍റെ ആദ്യത്തെ ചോദ്യം അതായിരുന്നു. “ഇനി എന്താ ലൈസെന്‍സ് കിട്ടിയില്ലേ, കൊണ്ടുപോകമല്ലോ “എന്ന ഉത്തരം കേട്ടതോടെ, ഞാന്‍ ക്രിദാര്‍ഥനായി. 
 
 മുങ്ങിയ കപ്പലുകള്‍ വെള്ളത്തിനടിയില്‍ പാറക്കെട്ടുകളെ പോലെ തന്നെ കടല്‍ പുറ്റുകള്‍ വളരാന്‍ അനുകൂലമായ സാഹചര്യം ഉണ്ടാക്കികൊടുക്കുന്നു. എന്നാല്‍ എല്ലാ കപ്പലുകളും അങ്ങനെയങ്ങ് മുക്കാന്‍ പറ്റില്ല. കപ്പലില്‍ നിന്നും, കടലിലെ വെള്ളത്തിനും ജീവജാലങ്ങള്‍ക്കും ദോഷം ചെയ്യുന്ന എല്ലാ രാസവസ്തുക്കളും എടുത്തു മാറ്റിയതിനു ശേഷം മാത്രമേ വെള്ളത്തില്‍ മുക്കിതാഴ്ത്താവു. അസ്ബെസ്ടോസ്, സ്ടിരോഫോം എന്നിങ്ങനെ എല്ലാം എടുത്തു മാറ്റിയതിനു ശേഷം. ഒമാനി നേവി 2003ഇല്‍  മുക്കിയ “അല്‍ മുനാസ്സിര്‍”, എന്ന് പേരുള്ള ഒരു കപ്പല്‍ ഇപ്പോള്‍ മസ്കറ്റിനടുത്ത്, അറബിക്കടലില്‍ പത്തു മുതല്‍ മുപ്പതു മീറ്റര്‍ താഴ്ചയില്‍ മുങ്ങി കിടക്കുന്നു. 
 
അനേകം നാവികര്‍ ഈ കൈ വരികളില്‍ പിടിച്ചു കോണിപ്പടി ഇറങ്ങിയിട്ടുണ്ടാകും
 
കടലില്‍ കപ്പല്‍ മുങ്ങിക്കിടക്കുന്ന സ്ഥലം വിട്ടുപോകാതിരിക്കാന്‍ സാദാരണ ഒരു ബോയ് “buoy” ഇടുകയാണ് പതിവ്. എന്നാല്‍ മീന്‍പിടുത്തക്കാര്‍ ഡൈവ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ട് പോകുന്ന buoyകള്‍ അടിച്ചു മാറ്റാറാണ് പതുവു എന്ന് അറിയാന്‍ കഴിഞ്ഞു. കുറച്ചു സമയമെടുത്ത്‌, മുങ്ങിയ കപ്പല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടുപിടിച്ചു., ഡൈവിനു സജ്ജമായി, ക്യാമറ കയ്യില്‍ കെട്ടിയിട്ട്, വെള്ളം കയറാത്തവിദത്തിലുള്ള ഒരു കവചത്തില്‍ സുരക്ഷിതമായി വെച്ചതിനു ശേഷം ബോട്ടിന്‍റെ അരികില്‍ കാത്തിരുന്നു. പരിശീലകന്‍ ആദ്യം തന്നെ വെള്ളത്തില്‍ ഇറങ്ങുകയും വെള്ളത്തിനടിയില്‍ ചെന്ന് കപ്പലിന്‍റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത്‌ ഒരു കയര്‍ കെട്ടുകയും ചെയ്തു. താഴേക്ക് ഇറങ്ങുമ്പോള്‍, ഈ കയര്‍ പിടിച്ചു വേണം താഴേക്കു നീങ്ങാന്‍ എന്ന് എനിക്ക് നിര്‍ദേശം കിട്ടിയിരുന്നു. വെള്ളത്തില്‍ അധികം ദൂരേക്ക്‌ കാണാന്‍ പറ്റാത്തത് കൊണ്ടും, അടിയൊഴുക്ക് ധാരാളമായി ഉള്ളതുകൊണ്ടും ദിശ തെറ്റി പോകാതിരിക്കാനാണ്‌ ഈ മുന്‍കരുതല്‍. 
 
കപ്പല്‍ ഇപ്പോള്‍ ഇവരുടെ ലോകമാണ്
 
വെള്ളത്തിലേക്ക്‌ ഇറങ്ങുന്നതിനു മുന്‍പ് കയ്യില്‍ ഒരു കൊച്ചു ടോര്‍ച്ചും തരുകയുണ്ടായി. ഇടത്തെക്കയ്യില്‍ ക്യാമറയും, ടോര്‍ച്ചും സുരക്ഷിതാമായി കുരുക്കിയിട്ടിരിക്കുന്നു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം, വെള്ളത്തിലേക്ക്‌ ബോട്ടിന്‍റെ അരികില്‍ ഇരുന്നു പുറകിലേക്ക് വീഴുകയായിരുന്നു.  താഴേക്ക്‌ താഴേക്ക്‌ പോകുന്തോരും ആ കപ്പല്‍ തെളിഞ്ഞു വരുന്നത് കാണാന്‍ പറ്റും എന്ന് പറഞ്ഞിരുന്നു പരിശീലകന്‍. പക്ഷെ ആ കാഴ്ച അങ്ങനെ പറഞ്ഞു തീര്‍ക്കണ്ട ഒന്നല്ല. കടലിന്‍റെ അടിത്തട്ടില്‍ നിന്ന് ഒരു വലിയ രൂപം തെളിഞ്ഞു വരുന്നത് നമുക്ക് കാണാം. പതുക്കെ പതുകെ കപ്പലിന്‍റെ ഓരോ ഭാഗങ്ങള്‍ തെളിഞ്ഞു വരുമ്പോഴാണ്, നമ്മള്‍ എത്ര ചെറുതാണെന്ന് മനസിലാവുന്നത്. കപ്പലിന്‍റെ മുന്‍ഭാഗം, പിന്നെ മുകളിലേക്ക് കുറച്ചു തള്ളിനിക്കുന്ന കപ്പിത്താന്‍റെ മുറി, രണ്ടുവശത്തും പണ്ടെപ്പഴോ ധാരാളം നാവികര്‍ നടന്നു നീങ്ങിയ കൈവരികള്‍ ഉള്ള നടപ്പാതകളും കോണിപ്പടികളും, ഇതെല്ലാം ഓരോന്നോരോന്നായി തെളിഞ്ഞു വരുന്നത് നമുക്ക് കാണാം.
ഈ കാഴ്ച്ച കണ്ടു അത്ഭുതപ്പെട്ടു താഴേക്ക് ഇറങ്ങുമ്പോഴും പരിശീലകന്‍ ഇടക്കിടക്ക് സിലിന്‍റെറിലെ സമ്മര്‍ദം നോക്കി ഉറപ്പുവരുത്താനും  ചെവി “equalize” ചെയ്യാനും ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. 
 
അടുത്തേക്ക് എത്തുമ്പോഴാണ് എത്രയധികം ജീവജാലങ്ങള്‍ ഈ കപ്പലിന്‍റെ ഓരോ മുക്കിലും മൂലയിലും നീന്തി തുടിക്കുന്നുണ്ട് എന്ന് മനസിലാവുന്നത്. അരുകിലുള്ള ഒരു കൈവരിയുടെ മുകളിലൂടെ പോകുമ്പോഴാണ് ഒരു “Puffer fish” , സ്വന്തം വീട്ടിലെ വരാന്ധയില്‍ അത്താഴം കഴിഞ്ഞു ഉലാത്തുന്ന ഗ്രഹനാഥനെപ്പോലെ  പതുക്കെ പതുക്കെ നീന്തി പോകുന്നത് കണ്ടത്. അവര്‍ക്ക് നമ്മളെ പേടിയില്ല, അതുകൊണ്ടുതന്നെ അവരെ പേടിപ്പിക്കാന്‍ വേണ്ടി നമ്മള്‍ ഒന്നും ചെയ്യാനും പാടില്ല. ചെറിയ കിളിവാതിലുകളിലൂടെ ടോര്‍ച്ചടിച്ചു നോക്കുമ്പോള്‍ ഉള്ളില്‍ കപ്പലിന്‍റെ ഗതിനിയന്ത്രണത്തിനു ഉപയോഗിക്കുന്നതുപോലെ പോലെയുള്ള യന്ത്രങ്ങള്‍ കാണാം.  ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാവുന്ന വീതിയിലുള്ള ചെറിയ വിടവുകളിലൂടെ ക്യാമറയും കയ്യില്‍ പിടച്ചു നീന്തുമ്പോള്‍, ആദ്യമൊക്കെ തോന്നിയിരുന്ന പേടിയൊന്നും അശേഷം ഇല്ലാതെആയി മാറി. മുക്കാല്‍ മണിക്കൂര്‍ പോയതറിഞ്ഞില്ല. സിലിന്‍റെറില്‍ എഴുപതു PSIസമ്മര്‍ദം മാത്രം ബാക്കി ആയപ്പോള്‍ ഞാന്‍ പരിശീലകനു വിരലുകള്‍ കൊണ്ട് അടയാളം കാണിച്ചു. മുകളിലേക്കുള്ള യാത്രക്ക് സമയമായിരുന്നു. പതിനെട്ടു മീറ്റര്‍ താഴേക്കു പോയതിനാല്‍ അഞ്ചു മീറ്റര്‍ താഴ്ചയില്‍ എത്തുമ്പോള്‍ മൂന്ന് മിനിറ്റ് നേരം അവിടെ ചിലവഴിക്കണം. “Bends” എന്ന് വിളിപ്പേരുള്ള, നൈട്രോജെന്‍ കുമിളകള്‍ ശരീരത്തില്‍ കടക്കുന്നത്‌ കാരണം ഉണ്ടാകുന്ന വളരെ സാരമായ ഒരു അസുഖം പിടിപെടാതിരിക്കനാണിത്. എല്ലാം കഴിഞ്ഞു മുകളിലെത്തിയപ്പോഴാണ് മനസ്സിലായത്‌, ഇനിയും അടിയില്‍ വളരെ അധികം കാഴ്ചകള്‍ കാണാന്‍ ബാക്കിയുണ്ടെന്ന്. നാല്‍പത്തിഅഞ്ചു മീറ്റര്‍ വരെ താഴേക്ക്‌ പോകാനും, സാധാരണ വായുവിനു പകരം “Nitrox” എന്ന ഒക്സിജെന്‍റെ അളവ്കൂടുതലുള്ള ഒരു വായുമിശ്രണം ശ്വസിക്കാനുമുള്ള ലൈസന്‍സ് എടുത്തതിനു ശേഷം വേണം അത്. 

ഫോട്ടോഗ്രാഫി

 മുകളിലെത്തി ക്യാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കണ്ടപ്പോള്‍ ആദ്യം ഒന്ന് നിരാശപെട്ടു. പകര്‍ത്തിയ എല്ലാ ദ്രിശ്യങ്ങള്‍ക്കും പച്ചനിറം. ആദ്യം ക്യാമറ കേടായി എന്ന് വിചാരിച്ചു, പക്ഷെ അതല്ല കാരണം. വെള്ളത്തിനടിയില്‍ എട്ടു പത്തു മീറ്റര്‍ കഴിഞ്ഞാല്‍ പിന്നെ ചുവപ്പും നീലയും നിറങ്ങള്‍ ഇല്ലാതെയാകും( absorption) . ഫ്ലാഷ് ഉപയോഗിച്ച് ചിത്രം എടുക്കുമ്പോള്‍ കുഴപ്പമില്ല, ക്യാമറയില്‍ നല്ല വെളിച്ചമുണ്ടെങ്കിലും കുഴപ്പമില്ല, പക്ഷെ ചുറ്റുമുള്ള വെളിച്ചത്തെ മാത്രം വിശ്വസിച്ചു ദ്രിശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഇങ്ങനെ പച്ചനിറത്തിന്‍റെ അതിപ്രസരമാണ് കാണാന്‍ കഴിയുക.  ഇതിനു മൂന്ന് പ്രതിവിധികളാണ് ഉള്ളത്.
 
  1. ചുവന്ന നിറത്തിലെ ഫില്‍റ്റര്‍ ഉപയോഗിക്കുക
  2. ക്യാമറയോടുചേര്‍ന്ന്, നല്ല ശക്തിയുള്ള വെളിച്ചം(Led, flashlight) ഘടിപ്പിക്കുക
  3. ഇതേ പോലെ തന്നെ പച്ച നിറത്തില്‍ ദ്രിശ്യങ്ങള്‍ പകര്‍ത്തുക പക്ഷെ,  പോസ്റ്റ്‌ പ്രൊടക്ക്ഷനില്‍ നിറം മാറ്റുക
 
ഇനി എന്‍റെ മുന്നില്‍ ഉണ്ടായിരുന്നത് മൂന്നാമത്തെ മാര്‍ഗംമാത്രമായിരുന്നു. അങ്ങനെ lightworks , snapspeed എന്നീ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഞാന്‍ ദ്രിശ്യങ്ങളില്‍ നീലയും ചുവപ്പും ആവശ്യാനുശ്രിതം കൂട്ടിച്ചേര്‍ത്തു.
 
 
 
ആറേഴു ഡൈവുകള്‍ കഴിഞ്ഞപ്പോള്‍, ഇനിയും എന്തൊക്കെ കാണാനും ചെയ്യാനും ഉണ്ടെന്നു  എനിക്ക് ഒരു ധാരണ കിട്ടി. “Open Water Diver” എന്നത് ഒരു പ്രാഥമിക ലൈസന്‍സ് മാത്രം ആണ്. പക്ഷെ അത് തുറന്നുതരുന്നത് മറ്റൊരു ലോകത്തേക്കുള്ള കവാടവും.   അടുത്ത വേനല്‍ക്കാലത്തിനായുള്ള കാത്തിരിപ്പാണ് ഇനി. ആദ്യത്തെ അന്‍പതു ഡൈവുകള്‍ക്ക് നിയമപ്രകാരം കൂടെ ഒരു പരിശീലകന്‍ വേണ്ടതാണ്. അതു കഴിഞ്ഞാല്‍ കൈ തെളിഞ്ഞു എന്നര്‍ത്ഥം, കൂടാതെ പലതരത്തിലുള്ള വൈദഗ്ദ്യം നേടാനുള്ള ശ്രേണികളാണ് മുന്നില്‍  ഉള്ളത്. ആദ്യം പറഞ്ഞപോലെ ലോകത്തിന്‍റെ എഴുപതു ശതമാനത്തില്‍ കൂടുതലും വെള്ളത്തിന്‍റെ അടിയില്‍ ആണ്. അതിന്‍റെ കുറച്ചു ഭാഗമെങ്കിലും കണ്ടു ആസ്വദിക്കണം എന്ന ഒരു നിശ്ചയം മനസ്സിലെടുത്തിട്ടുണ്ട്. ഇതിലെല്ലാം ഉപരി വെള്ളത്തിനടിയില്‍ മീനുകളുടെ കൂടെ നീന്തി നടക്കുമ്പോള്‍, നമ്മള്‍ ഭൂമിയുടെ ഭാഗമാണ് എന്നുള്ള ഒരു തോന്നലുണ്ടാകും. ആ ഒരു തോന്നല്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ എന്ത് ചെറുതാണെന്നും, മനുഷ്യനാല്‍ നിയന്ത്രിക്കാനാവാത്ത എന്തെല്ലാം ശക്തികള്‍ ഈ പ്രകൃതിയില്‍ ഉണ്ടെന്നും ഉള്ള ഒരു തിരിച്ചറിവ് ഉണ്ടാകും.
 
 
ശുഭം

1 Comment on “ജീവന്‍ തുടിക്കുന്ന സമുദ്രങ്ങള്‍ : ഭാഗം 2

  1. It’s a really engaging read. Very well narrated. The underwater caves in Mexico are intriguing. You make me want to learn scuba diving. 🙂

Leave a Reply to Prasanth Cancel reply

Your email address will not be published. Required fields are marked *

*

This site uses Akismet to reduce spam. Learn how your comment data is processed.