ജീവന്‍ തുടിക്കുന്ന സമുദ്രങ്ങള്‍ : ഭാഗം 1
“സമുദ്രമാണ് എല്ലാം. അത് ഭൂമിയുടെ പത്തില്‍ ഏഴ് ഭാഗത്തും മൂടി നില്‍ക്കുന്നു. അതിന്‍റെ ശ്വാസം ശുദ്ധവും ആരോഗ്യപരവും ആണ്.ഒരു വലിയ മരുഭുമി എന്ന് തോന്നുമെങ്കിലും മനുഷ്യന്‍ അവിടെ ഒരിക്കലും ഒറ്റക്കല്ല, കാരണം അതിന്‍റെ എല്ലാ കോണിലും ജീവന്‍റെ തുടിപ്പുണ്ട്.സ്നേഹവും വികാരവും മാത്രമാണ് സമുദ്രം. ജീവനുള്ള അനന്തത”
ഇതെഴുതിയത് ജുലെസ് വേര്‍ന് എന്ന കഥാകൃത്താണ്, ഒരിക്കലും നിശ്ചലമാകാതെ, വെള്ളത്തിലും കരയിലും ഉള്ള, ജീവനെ നിലനിര്‍ത്താന്‍ ഒരുപോലെ സഹായിക്കുന്ന നമ്മുടെ സമുദ്രങ്ങളെ കുറിച്ച്. ടീവി കാണാന്‍ തുടങ്ങിയ നാള്‍ മുതല്‍, കടലും, അതിനടിയില്‍, വായു നിറച്ച സിലിണ്ടെര്‍ പുറത്തു വെച്ചുകൊണ്ട് കുമിളകള്‍ വിട്ടു മീനുകളെ പോലെ നീന്തി പോകുന്ന മനുഷ്യരെ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കി ഇരുന്നിട്ടുണ്ട്.
പ്രവാസി ആയ ഞാന്‍ മിക്കവാറും നാട്ടില്‍ വരുന്നത് ജൂണ്‍/ജൂലൈ സമയത്തായിരിക്കും, കാരണം കുട്ടികള്‍ക്ക് വേനല്‍കാല അവധി അപ്പോഴാണല്ലോ. ഇന്ത്യയില്‍ സ്കുബ ഡൈവിംഗിന് പറ്റിയ സ്ഥലം അന്ടമാന്‍ നികോബാര്‍ ദ്വീപുകള്‍ ആണ്. പക്ഷെ, ജൂണ്‍ ജൂലൈ സമയത്ത് അവിടെ മഴകാലം ആയതിനാല്‍, ആ സമയം ഒന്ന് രണ്ടു മാസത്തേക്ക് ഡൈവിംഗ് കേന്ദ്രങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കും. ഒരു കാര്യം നടക്കാന്‍ സമയവും സാഹചര്യങ്ങളും എല്ലാം ഒത്തുവന്നാലല്ലേ പറ്റു എന്ന് ഓര്‍ത്തു ഞാന്‍ സമാധാനിച്ചു. ഒരിക്കല്‍ നവംബര്‍ ഡിസംബര്‍ സമയത്ത് പോകാം എന്നായി പദ്ധതി. കുറച്ചു നാള്‍ മുന്‍പാണ് എന്‍റെ കൂടെ ജോലിചെയ്യുന്ന ഒരു വെള്ളക്കാരന്‍ സ്കുബ ഡൈവിംഗില്‍ പ്രാഗത്ഭ്യം നേടിയ ഒരാളാണെന്ന് മനസിലാക്കിയത്. ഈ വര്‍ഷം ഡൈവിംഗ് നടന്നില്ലെങ്കിലും, അദ്ദേഹത്തിന്‍റെ അടുത്ത് ചെന്ന് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഉള്ള ശ്രമം ആണ് പിന്നെ നടന്നത്. ലോകത്ത് പലയിടങ്ങളിലും പോയി ഡൈവിംഗ് നടത്തിയിട്ടുണ്ടെന്നും, പ്രായമായെങ്കിലും ഇപ്പോഴും ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒരു ഡൈവിംഗ് യാത്ര പതിവാണെന്നും അറിയാന്‍ കഴിഞ്ഞു. മൂപ്പരു പറഞ്ഞ കഥകളും കാര്യങ്ങളും കേട്ടപ്പോള്‍ മനസമാധാനത്തിനായി പോയ ഞാന്‍ എങ്ങനെയെങ്കിലും ഇതൊന്നു പഠിച്ചു ഒന്ന് കടലില്‍ ഇറങ്ങിയാല്‍ മതി എന്ന ചിന്തയോടെ ആണ് തിരിച്ചെത്തിയത്.
ഞാന്‍ ചിത്രീകര്‍ച്ച ഒരു വീഡിയോ ഇതാ
ജൂണ്‍ ജൂലൈ സമയങ്ങളില്‍ നമ്മുടെ നാട്ടില്‍ എവിടെയുണ്ട് സ്കുബ ഡൈവിംഗ് പഠിക്കാന്‍ പറ്റിയ സ്ഥലം എന്നായി പിന്നെ ചിന്ത. ആദ്യത്തെ പരിശീലം മാത്രം മതിയെങ്കില്‍ ബാംഗ്ലൂരില്‍ നീന്തല്‍ കുളത്തില്‍ സ്കുബ ഡൈവിംഗ് പരിശീലിപ്പിക്കുന്ന സ്ഥലം ഉണ്ടെന്നു മനസിലാക്കാന്‍ കഴിഞ്ഞു. ആദ്യത്തെ പരിശീലനത്തിന് ശേഷം മഴ മാറുമ്പോള്‍ അന്ടമന്‍ നികോബാര്‍ ദ്വീപുകളില്‍ പോയി ഡൈവിംഗ് ചെയ്യുന്നതാണ് പിന്നെ ചെയ്യേണ്ടത്. അതിനു നേരത്തെ പറഞ്ഞപോലെ മഴ മാറുന്നത് വരെ കത്ത് നില്‍ക്കണം. എന്തായാലും അങ്ങിനെ ഇരിക്കുമ്പോഴാണ് ഒരു മാര്‍ഗം മുന്നില്‍ തെളിഞ്ഞു വന്നത്. വേറെ ചില കാരണങ്ങള്‍ക്കായി മസ്കറ്റ് വരെ ഒരു യാത്ര ചെയ്യേണ്ടതായി വന്നു. ഇനി അവിടെയുണ്ടാകുമോ സ്കുബ ഡൈവിംഗ് എന്ന് നോക്കിയപ്പോള്‍ ആണ് രോഗിക്ക് വേണ്ടത് തന്നെ വൈദ്യന്‍ കല്പിച്ചത്. അങ്ങിനെ
ഡൈവിംഗ് പഠിക്കാനായി ഞാന്‍ തിരഞ്ഞെടുത്തത് ഒമാനാണ്. മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ സുപരിചിതമാണ്. പക്ഷെ ഒമാന്‍ എന്ന രാജ്യത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഡൈവിംഗ് അല്ല മനസ്സില്‍ ആദ്യം കടന്നുവരുന്നത്. മരുഭൂമിയും, പാറ കെട്ടുകളും വലിയ മലകളും, താഴ്വാരങ്ങളും, അതിനിടെയില്‍ ഒളിച്ചിരിക്കുന്ന കൊച്ചു കൊച്ചു മരുപച്ചകളും ആണ് നമ്മള്‍ക്ക് ഒമാന്‍ എന്ന് പറയുമ്പോള്‍ മനസ്സില്‍ തെളിഞ്ഞു വരുന്നത്. എന്നാല്‍ നേരത്തെ ഭൂമിയുടെ കാര്യം പറഞ്ഞപോലെ കണ്ടു ആസ്വതിക്കാനുള്ള പലതും അവിടെ കരയിലെപോലെ തന്നെ കടലിനടിയിലും ഉണ്ട്. മൂന്നു നാലു നല്ല ഡൈവിംഗ് സ്ഥലങ്ങള്‍ ഉള്ള ഒരു രാജ്യമാണ് ഒമാന്‍. അത് കണക്കിലെടുത്ത് കൊണ്ട് ഈ സ്ഥലങ്ങളിലെല്ലാം ഡൈവിംഗ് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. കന്താബ്, സിഫ, സലാല എന്ന സ്ഥലങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍. വിനോദ സഞ്ചാരികളായി എത്തുന്ന വിദേശികള്‍ക്ക് വേണ്ടിയാണ് ഈ കേന്ദ്രങ്ങള്‍, അതിനായി ഈ ഡൈവിംഗ് കേന്ദ്രങ്ങല്‍ക്കടുത്തായി റിസോര്‍ട്ടുകള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്.
ഒമാനില്‍ ഡൈവിംഗ് ചെയ്യാനുള്ള കാരണങ്ങള്‍ ധാരാളമാണ്. അറബികടലിനോട് ചേര്‍ന്ന്കിടക്കുന്ന ഒമാന്‍റെ കടല്‍തീരങ്ങള്‍ മനുഷ്യകരങ്ങളാല്‍ അധികം സ്പര്‍ശനമെല്‍ക്കാത്തതാണ്. പോഷക സമ്പന്നമായതിനാല്‍ വ്യത്യസ്ഥവും അതിലുപരി വലുതും ചെറുതുമായ ധാരാളം ജീവജാലങ്ങള്‍ വസിക്കുന്ന മനോഹരമായ പലതരം സമുദ്ര ശ്രോതസ്സുകള്‍ അടങ്ങിയിരിക്കുന്ന തീരദേശം ആണ് ഒമാനിന്‍ടെത്. ഇതു മുതലെടുത്ത്, 2003ഇല്‍ ഒമാനി നേവി കരയോട് അധികം ദൂരത്തല്ലാതെ മുക്കിയ ഒരു കപ്പല്‍ ആണ് “അല്‍ മുനാസ്സിര്‍”. ആ കപ്പല്‍ ഇപ്പോള്‍ കടലിന്‍റെ അടിത്തട്ടില്‍ മത്സ്യങ്ങള്‍ വസിക്കുന്ന ഒരു അതിമനോഹരമായ ലോകമാണ്.
ഡോള്‍ഫിനുകള്‍, തിരണ്ടികള്‍, സ്രാവുകള്‍ അങ്ങിനെ ധാരാളം ജീവജാലങ്ങളെ കാണാന്‍ കഴിയും എവിടെ ഡൈവിംഗ് ചെയ്താല്‍. പോഷക സമ്രിധമായതിനാല്‍ “planktons” എന്ന ജീവജാലങ്ങള്‍ ഈ കടലില്‍ അധികമാണ്. അതിനാല്‍, ചില സമയങ്ങളില്‍ വെള്ളം കലങ്ങിയിരിക്കും, അതിനാല്‍ അധികദൂരത്തേക്കു നമ്മള്‍ക്ക് ഒന്നും കാണാന്‍ കഴിയില്ല, എങ്കിലും പത്തു മുതല്‍ പതിനഞ്ചു മീറ്റര്‍ വരെ സാധാരണയായി കാണാന്‍ പറ്റുന്നതാണ്.
സ്കുബ ഡൈവിംഗ്
ഇന്ത്യയിലെ മിക്കവര്‍ക്കും സ്കുബ ഡൈവിംഗ് എന്ന് പറയുമ്പോള്‍ ഓര്‍മ്മ വരുക “Zindagi na milegi dobara” എന്ന ചലച്ചിത്രത്തിലെ രംഗങ്ങളാണ്. സ്പെയിനില്‍ എവിടെയോ ഒറ്റപെട്ട ഒരു പറക്കെട്ടുള്ള കടല്‍ തീരത്ത് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ ഡൈവിംഗ് പരിശീലിപ്പിക്കാന്‍ വരുന്ന സുന്ദരിയായ ഒരു ഡൈവിംഗ് അദ്യാപിക. ആ രംഗം കാണുമ്പോള്‍ നമ്മള്‍ക്ക് ആ കഥാപാത്രങ്ങളോടും കടലിനോടും വല്ലാതെ അടുപ്പവും സ്നേഹവും തോന്നും. ആദ്യത്തെ ഡൈവിംഗ് കഴിഞ്ഞെത്തുന്ന ആ കഥാപാത്രത്തിനുണ്ടാകുന്ന പരമാനന്ദപ്രദമായ വികാരം ചിത്രീകരിച്ചിരിക്കുന്ന രീതിയും എടുത്തു പറയേണ്ടതാണ്. ചലച്ചിത്രത്തിന്റെ സംവിധായകയുടെയും ചിത്ര സംയോച്ചകന്‍റെയും കഴിവുതന്നെയാണ്. വെള്ളത്തിനുള്ളില്‍ സംസാരിക്കാന്‍ പറ്റാത്തതിനാല്‍, നമ്മള്‍ കൈ കൊണ്ട് കാണിക്കണ്ട ചില അടയാളങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള നിര്‍ദേശങ്ങള്‍ ഒന്നും ആ രംഗങ്ങളില്‍ ഉള്‍പെടുത്തി പ്രേക്ഷകനെ മുഷിപ്പിച്ചിട്ടില്ല.
യാഥാര്‍ത്ഥ്യത്തില്‍ ഡൈവിംഗ് പഠിക്കാന്‍ പോകുമ്പോഴുള്ള അനുഭവം ഇതില്‍നിന്നും കുറച്ചു വ്യതസ്ഥമാണ്. നമ്മള്‍ ഡൈവിംഗ് പഠിക്കാന്‍ തീരുമാനിച്ചു ഡൈവിംഗ് കേന്ദ്രങ്ങളുമായി ബന്ധപ്പെടുമ്പോള്‍ തന്നെ നമ്മള്‍ നേരത്തെ പഠിച്ചിട്ടു വരണ്ട ധാരാളം പഠനസാമാഗ്രികള്‍ നമ്മള്‍ക്കായി ഓണ്‍ലൈന്‍ വഴി അയച്ചു തരുന്നതാണ് ആദ്യത്തെ ചുവട്. മനുഷ്യശരീരത്തിന് വെള്ളത്തിനടിയില്‍ സമയം ചിലവഴിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, അതിനാല്‍ നമ്മള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, വെള്ളത്തിനടിയില്‍ മനുഷ്യനെ ശ്വാസം വലിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍, അതിന്‍റെ പുറകിലുള്ള ശാസ്ത്രം, വെള്ളത്തിനടിയില്‍ വെച്ച് എന്തെങ്കിലുംതരം അത്യാഹിതം സംഭവിച്ചാല്‍ നമ്മള്‍ ചെയ്യേണ്ടതും നമ്മള്‍ കൂടെയുള്ള ഡൈവറിന് ചെയ്തൂകൊടുക്കണ്ടതുമായ രക്ഷാമുറകള്‍, അതിലെല്ലാം ഉപരി മനോഹരമെങ്കിലും സമുദ്രത്തിന്‍റെ അടിയില്‍ പതിയിരിക്കുന്ന അപകടങ്ങളും, മനുഷ്യന് സാരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ജീവജാലങ്ങളെ എങ്ങനെ വേര്‍തിരിച്ചറിയാം എന്നിങ്ങനെ ധാരാളം രസകരവും എന്നാല്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളാണ് അതില്‍ അടങ്ങിയിരിക്കുന്നത്.
വളരെ നീളത്തില്‍ ഉള്ളതാണ് വെള്ളത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് നമ്മള്‍ പൂരിപ്പിക്കണ്ട “Medical Checklist”. അതില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന് നമ്മള്‍ “NO” എന്നാണ് ഉത്തരം എങ്കില്‍ ഒരു ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നമ്മള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. കള്ളം പറഞ്ഞു ഈ കടമ്പ കടന്നാല്‍ അത് നമ്മളോട് തന്നെ ചെയ്യുന്ന ഒരു വലിയ തെറ്റായിരിക്കും, കാരണം മനസിലാക്കുക മനുഷ്യന്‍ വെള്ളത്തിനടിയില്‍ ജീവിക്കാന്‍ വിധിച്ചവനല്ല, അവന്‍ അഥിതി ആണ് കടലിന്‍റെ അടിത്തട്ടില്‍. മനുഷ്യശരീരം എണ്‍പത് ശതമാനവും വെള്ളം കൊണ്ടുണ്ടാക്കിയതാണ് എങ്കിലും, അവിടെ നിയമങ്ങള്‍ വേറെയാണ്. നമ്മള്‍ എത്രത്തോളം ആഴങ്ങളിലെ കാഴ്ചകളെ സ്നെഹിക്കുന്നുവോ അതുപോലെ തന്നെ അവിടെ മനുഷ്യ ശരീരത്തിന്‍റെ പരിമിതികളെ കുറിച്ചും അറിഞ്ഞിരിക്കണം.
“എത്ര നല്ലോണം നീന്താന്‍ അറിയാം”, എന്നായിരുന്നു ആദ്യത്തെ ചോദ്യം. നീന്താനറിയാം, പക്ഷെ നീന്തല്‍ കുളത്തില്‍ മാത്രേ നീന്തിയിട്ടുള്ളു. അതും നീന്തല്‍, തന്നെ പഠിച്ചതാണ്. എന്നൊക്കെ പറയണം എന്നുണ്ടായിരുന്നു, പക്ഷെ “ഓക്കേ”, എന്ന ഒറ്റ വാക്കില്‍ ഞാന്‍ ഉത്തരം ഒതുക്കി. പലര്‍ക്കും നീന്തല്‍ അറിയില്ലെങ്കിലും സ്കുബ ഡൈവിംഗ് ചെയ്യാം എന്നൊരു തോന്നലുണ്ടെന്നും, പലരും ഇവിടെവന്നു വെറുംകയ്യോടെ തിരിച്ചു പോയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. എന്തായാലും ആദ്യത്തെ പരിശീലന പാദത്തില്‍ തന്നെ നമ്മളുടെ നീന്തലിലുള്ള കഴിവ് തെളിയിക്കേണ്ടതായിട്ടുണ്ട്. സ്നോര്‍ക്കലിംഗ് ആണ് ഡൈവിംങ്ങിലേക്കുള്ള ആദ്യത്തെ കാല്‍വെപ്പ്. തുടക്കത്തില്‍ കടലിലെ അധികം ആഴം ഇല്ലാത്ത ഭാഗങ്ങളില്‍ സ്നോര്‍ക്കലിംഗ് ചെയ്തു കാണിക്കണം. സ്നോര്‍ക്കലിംഗ് ചെയ്യുമ്പോള്‍ ആവശ്യനുസ്രിതം വെള്ളത്തിന്‍റെ ഉപരിതലത്തില്‍ നീന്തുകയും കൂടാതെ അടിത്തട്ടില്‍ മുങ്ങാങ്കുഴി ഇട്ടു പോകുവാനും കഴിയണം. അതിനു നീന്തല്‍ അറിയുക അനിവാര്യമാണ്. ആഴം കൂടുമ്പോള്‍ മനസ്സില്‍ തോന്നുന്ന പേടിയും ഇല്ലാതിരിക്കെണ്ടതും അത്യാവശ്യമാണ്. പരിശീലനം തുടങ്ങുന്നതിനു മുന്‍പ് അതിനു വേണ്ട എല്ലാ ഉപകരണങ്ങളും, ധരിക്കേണ്ട പ്രത്യേകം വസ്ത്രങ്ങള്‍, മുഖം മൂടി (diving mask) പിന്നെ കാലില്‍ ധരിക്കാന്‍ മീനിന്‍റെ ചിറകു പോലെയുള്ള പ്രത്യേകതരം ചെരുപ്പുകള്‍ (finn) എന്നിവയെല്ലാം നമ്മള്‍ക്കുചേരുന്ന അളവില്‍ തിരഞ്ഞെടുക്കണം.
പരിശീലനത്തിനും പിന്നെ കടലില്‍ ഇറങ്ങുമ്പോഴും ധരിക്കുന്ന പ്രത്യേകതരം ഉടുപ്പുകളെ കുറിച്ച് തന്നെ ആദ്യം പറയേണ്ടതായുണ്ട്. Neoprene എന്ന പ്രത്യേക തരാം വസ്തു കൊണ്ടുണ്ടാക്കിയതാണ് ഈ വസ്ത്രങ്ങള്‍. മുട്ട് വരെ നീളമുള്ളതും, കഴുത്തുമുതല്‍ കാലിന്‍റെ ഉപ്പൂറ്റി വരെ നീളമുള്ളതും കൂടാതെ തല മൂടാന്‍ ഉദകുന്നതുമായ “hoodie”, എന്നിങ്ങനെ പലതലം ഉടുപ്പുകള്‍ ഉണ്ട്. നമ്മള്‍ ഇറങ്ങുന്ന വെള്ളത്തിന്‍റെ താപനിലക്കനുസരിച്ച് വേണം ഈ ഉടുപ്പുകള്‍ നമ്മള്‍ തിരഞ്ഞെടുക്കാന്‍. ആദ്യ പാദത്തില്‍, ഒമാനല്ലേ വേനലല്ലേ ചൂടായിരിക്കുമല്ലോ എന്ന് കരുതി മുട്ടുവരയുള്ള വസ്ത്രമാണ് ഞാന്‍ ആദ്യം തിരഞ്ഞെടുത്തത്. അതില്‍ നിന്നും ഞാന്‍ പഠിച്ച പാഠം ഞാന്‍ ഒരിക്കലും മറക്കില്ല. നമ്മള്‍ക്ക് ചുറ്റും ഉള്ള വായു പോലെ അല്ല വെള്ളം. 24 Degree(C) എന്ന താപനിലയില്‍ ഒരു മുറിയില്‍ നില്‍ക്കുന്നപോലെ അല്ല അതെ താപനിലയില്‍ വെള്ളത്തില്‍ ഇറങ്ങുന്നത്. വെള്ളം നമ്മുടെ ശരീരത്തില്‍ നിന്നും ചൂട് പിടിച്ചെടുക്കും. അതും കൂടാതെ നമ്മള്‍ വെള്ളത്തിനടിയില്‍ ഒരു മുന്നോ നാലോ മീറ്റര്‍ താഴേക്ക് പോകുമ്പോള്‍ തന്നെ വെള്ളത്തിന്‍റെ താപനിലയില്‍ വ്യത്യാസം വരും. അതായതു ഉപരിതലത്തില്‍ 24 Degree(C) ആണെങ്കില്‍ ചിലപ്പോള്‍ രണ്ടോ മുന്നോ മീറ്റര്‍ താഴ്ചയില്‍ താപനില 21 Degree(C) ഇലേക്ക് കുറഞ്ഞേക്കാം. കുറച്ചു കൂടെ താഴേക്കു പോയാല്‍ “thermoclines” എന്ന പ്രതിഭാസം കാരണം താപനില അതിലും കുറഞ്ഞേക്കാം. തണുത്ത വെള്ളത്തിന്‍റെ സാന്ദ്രത കൂടുതലായതു കാരണം താഴെ വേര്‍തിരിച്ചു വെക്കാന്‍ പാകത്തിന് ഒരു വ്യതസ്ത തട്ടായി തണുത്ത വെള്ളം നിലകൊള്ളുന്നു. ഇതിനാല്‍ സാധാരണ നല്ലവണ്ണം തണുപ്പ് അനുഭവപെടുന്ന കൂട്ടത്തിലാണെങ്കില്‍ വെള്ളത്തിന്‍റെ താപനില എന്തെന്ന് നേരത്തെ ചോതിച്ചു മനസ്സിലാക്കുകയും അതിനു തക്കതായ വസ്ത്രം തിരഞ്ഞെടുക്കുകയും വേണം.
ഇനി എടുത്തു പറയേണ്ടതായി ഉള്ളത് “റഗുലെറ്റര്‍” ആണ്. നല്ല വിലയാണ് ഈ ഒരു ഉപകരണത്തിന്, അതിനു കാരണം ഇതിന്‍റെ സാഹയത്തോടെയാണ് നമ്മള്‍ക്ക് നിഷ്പ്രയാസം വെള്ളത്തിനടിയില്‍ ശ്വാസിക്കാന്‍ ആകുന്നത്. വളരെ വലിയ സമ്മര്‍ദ്ദ്ത്തില്‍ (150 ബാര്‍) ഉള്ള ശ്വാസ വായു ആവിശ്യനുസ്രിതം എത്തിക്കാന്‍ കഴിവുള്ളതാന് ഈ ഉപകരണം. നാല് ഘട്ടങ്ങള്‍ ആയി ഈ ഉപകരണത്തെ തിരിക്കാം. ഒന്നാം ഘട്ടം സിലിണ്ടെറുമായി ഘടിപ്പിച്ചിരിക്കുന്നു, രണ്ടാമത്തേത് “mouth piece” ഇലേക്കും, വെള്ളത്തിനടിയില്‍ വെച്ച് അഥവാ എന്തെകിലും ആരാഗ്യപ്രശ്നതിനാലോ സമ്മര്‍ദതിനാലോ ശര്‍ധിക്കണ്ടി വന്നാല്‍ പോലും “mouth piece” വായില്‍ നിന്നും നീക്കം ചെയ്യേണ്ട ആവശ്യമില്ല. അതിനു തക്കതായ എല്ലാ പ്രധിവിധികളും ഇതില്‍ അടങ്ങിയിരിക്കുന്നു. നമ്മളുടെ കയ്യില്‍ ഇപ്പോഴും ഒരു പ്രാഥമിക റഗുലെറ്ററും അതുകൂടാതെ രണ്ടാമതായി മറ്റൊരു റഗുലെറ്ററും ഉണ്ടാകും. നമ്മുടെ കൂടെയുള്ള ഡൈവര്‍ഇന്‍റെ “back-up” ആണ് ഇത്. ഒരിക്കലും ഒറ്റക്കോ, അതോ നമ്മള്‍ക്ക് കൂടെ ഇടപെഴുകാന്‍ ബുദ്ധിമുട്ടുള്ള ആളുകളുടെ കൂടെയോ ഡൈവിംഗ്ചെയ്യരുതെന്ന് പഠനസാമഗ്രികളില്‍ പലയിടത്തും എടുത്തു പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ അടുത്ത ലേഘനത്തില്‍
Footage shot on GoPro Hero 5
Very interesting account of your diving experience.Really admire you for your daring this venture.Waiting for the next installment.ALL.THE BEST
MAY GOD BLESS!!
Thank you Valyamma for the support