കേരളം കണ്ട കമ്മ്യൂണിസം
2019ഇല് കൊറോണക്കു മുന്പുള്ള ഒരു യാത്ര !!
മുന്‌കൂര് ജാമ്യം: ഇത് ഒരു യാത്രാക്കുറിപ്പാണ്. എഴുത്തുകാരന് ഒരു രാഷ്ട്രീയ പാര്ട്ടിയുടെയും അനുഭാവി അല്ല. യാത്രക്കിടയില് കേട്ടറിഞ്ഞ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് പങ്കുവെക്കുന്നു എന്ന് മാത്രം.
This is a travelogue. The author is not a supporter of any political party or ideology. Just sharing a different view point here, which he came across during a travel.
————————–
ഇന്നത്തെ യാത്രാ വിവരണം വ്യത്യസ്ഥമായ ഒന്നാണ്. മലയാളികള്ക്ക് ഇങ്ങനൊരു സ്ഥലത്തെ കുറിച്ച് അറിയാന് താല്പ്പര്യം കാണും എന്ന വിശ്വാസത്തിലാണ് മലയാളത്തില് തന്നെ എഴുതുന്നത്.
ഞാന് ഇപ്പോള് താമസിക്കുന്ന ഫിന്ലാന്ഡിന്റെ തലസ്ഥാന നഗരമായ ഹെല്സിങ്കിയില് നിന്നും ഒരു മൂന്ന് മണിക്കൂര് കപ്പലില് യാത്ര ചെയ്താല് എത്താവുന്ന സ്ഥലമാണ് എസ്റ്റോണിയ എന്ന രാജ്യത്തിന്റെ തലസ്ഥാന നഗരമായ ടാല്ലിന്(Tallin). ഫിന്ലാന്ഡില് വരുന്ന എല്ലാവരും ആദ്യം തന്നെ മുടങ്ങാതെ ചെയ്യുന്ന ഒരു യാത്രയാണ് ഇതു. അതിനു പല കാരണങ്ങള് ഉണ്ട്. വലിയ ”Cruise” കപ്പലില് ഉള്ള യാത്ര വളരെ രസകരമാണ് കാരണം ഉള്ളില് തന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഭക്ഷണ ശാലകളും കലാ വിരുന്നുകളും, കൂടാതെ കുട്ടികള്ക്ക് കളിക്കാനുള്ള പ്രത്യേക സൗകര്യങ്ങളുംകപ്പലിന്റെ ഉള്ളില് തന്നെ ഒരുക്കിയിട്ടുണ്ട്. അതിലുപരി വേനലായാലും തണുപ്പ് കാലം ആയാലും കപ്പലില് നിന്നുള്ള കാഴ്ചകള് വ്യത്യസ്ഥമാണ്. വേനല്ക്കാലത്ത് കപ്പലിന്റെ അപ്പര് ഡെക്കില് നിക്കുമ്പോള് അടിക്കുന്ന കടല് കാറ്റും, കണ്ണെത്താ ദൂരം വരെ പടര്ന്നു കിടക്കുന്ന കടലും ആണ്കാണാന് കഴിയുന്നതെങ്കില് (ഒരു DP ഫോട്ടോ എടുക്കാനുള്ള പറ്റിയ സെറ്റപ്പ് ആണ്) കൊടും തണുപ്പത്ത് ഇതേ യാത്ര നടത്തിയാല്, വലിയ ഐസ് പാളികള്ക്കിടയിലൂടെ ഐസ് ബ്രേക്കറുകളുടെ പുറകെ വലിയ ഐസ് കഷ്ണങ്ങള് തട്ടി മാറ്റി മുന്നോട്ടു പോകുന്ന കപ്പലാണ് കാണാന് കഴിയുക. എന്നാല് ഈ കപ്പല് യാത്രയെകുറിച്ചല്ല ഇന്ന് ഞാന് എഴുതാന് ഉദ്ധേശിക്കുന്നത്. ടാലിന് നഗരത്തിന്റെ ഹൃദയത്തില് തന്നെ ഒളിച്ചിരിക്കുന്ന, അല്ലെങ്കില് വര്ങ്ങളോളം സോവിയറ്റ് രഹസ്യ പോലീസായ കെ.ജി.ബി (KGB) ഒളിപ്പിച്ചു വെച്ചിരുന്ന ഒരു രഹസ്യത്തെ കുറിച്ചാണ്.
വേനല്ക്കാലത്തും, പിന്നെ തണുപ്പുകാലത്ത് ക്രിസ്തുമസ്സിനോട് അനുഭന്ധിച്ചും ജോലിസ്ഥലത്ത് നിന്ന് ഒരു Team Outing ഉണ്ടാകും എന്നത് ഉറപ്പാണ്, അതായതു എല്ലാവര്ഷവും രണ്ടു തവണ നടക്കുന്ന ഈ ഒത്തു ചേരല് ഫിന്നിഷുകാര്ക്ക് ഒഴിച്ച് കൂടാന് പറ്റാത്ത ഒന്നാണ്. കൂട്ടത്തിലെ ഒരേ ഒരു ഇന്ത്യാക്കാരന് എന്ന നിലയില് ഇതു പോലത്തെ പല യാത്രകളും, ഫിന്നിഷ് അല്ലെങ്കില് സ്കാന്ഡിനേവിയന് സംസ്കാരം അടുത്തറിയാനുള്ള അവസരമായി ഞാന് കാണാറുണ്ട്. അങ്ങനെ ഒരു യാത്രയെ കുറിച്ചാണ് ഞാന് ഇന്ന് എവിടെ പറയാന് പോകുന്നത്. ആ യാത്രയും കേരളവും തമ്മില് എന്താണ് ബന്ധം എന്നത് എനുക്കു ഏറ്റൊവും അവസാനമാണ് മനസിലായത്.
രാവിലെ പത്തു മണിയോട് കൂടി ഹെല്സിങ്കി തുറുമുഖത്ത് നിന്നും കപ്പല് ഒരു നെടുവീര്പ്പെന്ന പോലെ നീണ്ട സൈറനും അടിച്ചുകൊണ്ട് തെക്കോട്ട് ടാലിന് ലക്ഷ്യമാക്കി യാത്ര തുടങ്ങി. ടാലിന് നഗരത്തില് ഞാന് ഇതാദ്യമായല്ല പോകുന്നത്, അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകള് ഒന്നും ഇല്ലായിരുന്നു. എന്താണ് ഇന്നത്തെ”agenda” എന്ന് ഞാന് മയത്തില് സഹപ്രവര്ത്തകനോട് ചോദിച്ചു, കപ്പല് യാത്ര, ഒരു രസകരമായചരിത്രം ഉള്ക്കൊള്ളുന്ന കാഴ്ച്ച ബംഗ്ലാവ് കാണുക, പിന്നെ കുറെ നേരം ടാലിന് പട്ടണത്തില് കറക്കം, പിന്നെ തിരിച്ചുള്ള കപ്പല് യാത്രയിലെ വിഭവ സമൃദ്ധമായ ക്രിസ്തുമസ് അത്താഴവും എന്ന് പുള്ളി പറഞ്ഞു. മേല്പ്പറഞ്ഞ ലിസ്റ്റില് നിന്ന് ആ കാഴ്ച്ച ബംഗ്ലാവ് ഒഴിച്ചാല് ബാക്കിയൊക്കെ കൊള്ളാം എന്ന് തോന്നി. പക്ഷെ എനിക്ക് തെറ്റി.
മൂന്ന് മണിക്കൂറിനു ശേഷം ടാലിന് തുറുമുഖത്ത് കപ്പല് നഗൂരമിട്ടു യാത്രക്കാര് ഇറങ്ങാന് കാത്തു നില്ക്കുന്ന സമയത്താണ് ചരിത്രത്തെ കുറിച്ച് കമ്പമുള്ള ഒരു ഫിന്നിഷ് സഹപ്രവര്ത്തകന് “communist” എന്നും റഷ്യ എന്നും കേ.ജി.ബി എന്നും ഒക്കെ പറയുന്ന കേട്ടത്. അത് കേട്ടതോടെ ഞാന് നേരെ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കുശലം പറഞ്ഞു ഇടിച്ചു കേറി, എന്താണ് കാര്യം എന്ന് മനസ്സിലാക്കാന് ഒരു ശ്രമം നടത്തി.
നമ്മള് ഇപ്പോള് പോകുന്നത്. ഹോട്ടല് വിരു (Hotel Viru) എന്ന സ്ഥലത്തേക്കാണ്. പേരുപോലെ തന്നെ അത് ഒരു ഹോട്ടല് ആണ് പക്ഷെ, ഔദ്യോകികമായി 22 നിലയുള്ള ആ കെട്ടിടത്തിന്റെ 23ആം നിലയില് നിലകൊള്ളുന്ന കേ.ജി.ബി (KGB Museum) കാണാനാണ് നമ്മള് പോകുന്നത് എന്ന് പുള്ളി പറഞ്ഞപ്പോഴാണ് മനസ്സിലായത്. ഹോട്ടലിന്റെ മുന്നില് ടാക്സി ഇറങ്ങിയപ്പോള് നിരവധി ആളുകള് ഇരിക്കുന്ന ബാറും, ഭക്ഷണ ശാലയും എല്ലാം ഉള്ള നമ്മുടെ നാട്ടിലെ വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളോട് താരതമ്യം ചെയ്യാവുന്ന ടാലിന് നഗരത്തിന്റെ ഹൃദയത്തില് സ്ഥിതിചെയ്യുന്ന ഒരു പടുകൂറ്റന് കെട്ടിടം. ഉള്ളിലേക്ക് ചെന്ന ഞങ്ങള് ലോബിയില് വെയിറ്റ് ചെയ്തു. സമയമായപ്പോള് ഒരു മധ്യവയസ്കയായ എസ്റ്റോണിയന് വനിത ഞങ്ങളെ വരവേല്ക്കാന് എത്തി.
*ഇനി കുറച്ചു ചരിത്രമാകാം*
1960കളില് സോവിയറ്റ് യുണിയന് ലോക ശക്തിയായി നിലനിന്നിരുന്ന കാലം. അമേരിക്കയുമായി എല്ലാ മേഘലകളിലും ഒന്നാമതെത്താന് സോവിയറ്റ് യുണിയന് മത്സരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ലോകത്തിലെ ഒരു വന് കമ്മ്യുണിസ്റ്റ് ശക്തിയായി സോവിയറ്റ് യുണിയന് കത്തി ജ്വലിച്ചു നില്ക്കുന്നു. ആര്ക്കും ഒന്നിന്നും പഞ്ഞമില്ലാതെ, ആരും ആവശ്യത്തില് കൂടുതല് ആഗ്രഹിക്കാതെ, ശക്തരായ കുറെ നേതാക്കല് നെത്രിത്വം വഹിക്കുന്ന, എല്ലാം തികഞ്ഞ ഒരു രാജ്യം എന്ന് ലോകത്തെ കാണിക്കാന്കൂടെ സോവിയറ്റ് യുണിയന് ശ്രമിച്ചിരുന്ന കാലം കൂടെയാണ് ഇതു.
അക്കാലത്ത് അങ്ങ് കിഴക്ക് ബെറിംഗ് സ്ട്രയിറ്റ് മുതല് ഇങ്ങു ബെര്ലിന് മതില് വരെ പടര്ന്നു പന്തലിച്ചു കിടക്കുന്ന സോവിയറ്റ് സാമ്രാജ്യത്തില് പുറത്തുനിന്നുള്ളവര്ക്കുവന്നു അവധികാലം ചിലവഴിക്കാന് പറ്റിയ ഒരു ടൂറിസ്റ്റ് സ്ഥലം ഇല്ല, താമസിക്കാന് പറ്റിയ പഞ്ച നക്ഷത്ര ഹോട്ടലുകള് ഇല്ല എന്ന സത്യം സോവിയറ്റ് ഭരണകൂടത്തെ അലട്ടിയിരുന്ന ഒരു വിഷയമാണ്. ആ വേവലാതിയില് നിന്ന് ഉടലെടുത്തതാണ്
ഹോട്ടല് വിരു. അന്ന് എസ്റ്റോണിയ എന്ന രാജ്യം ഇല്ല, ടാലിന്, സോവിയറ്റ് യുണിയന്റെ കീഴില് വരുന്ന, താരതമ്യേന പ്രശ്നങ്ങളൊന്നും ഇല്ലാതെ “Western Civilization”നോട് ചേര്ന്നു കിടക്കുന്ന ഒരു നഗരമാണ്. അതുകൊണ്ടാണ് 1969ഇല് ഈ ഹോട്ടല് നിര്മ്മിക്കാന് സോവിയറ്റ് യുണിയന് ഒരു ഫിന്നിഷ് കമ്പനിക്ക് കോണ്ട്രാക്റ്റ് കൊടുത്തത്. ലോകത്തിലെ തന്നെ ഏതൊരു പഞ്ചനക്ഷത്ര ഹോട്ടലിനെയും വെല്ലുന്ന രീതിയില് പണിത ഒരു പടുകൂറ്റന് 22 നില കെട്ടിടം എന്നാണ് അന്ന് അത് അറിയപ്പെട്ടിരുന്നത്.
ഞങ്ങളെ ലിഫ്റ്റില് കയറ്റി, ഒരു ചെറു പുഞ്ചിരിയോടെ എസ്റ്റോണിയന് വനിതാ ഗൈഡ് പറഞ്ഞു 22 എന്ന നബര് അമര്ത്തിക്കോളു എന്ന്. 22ആം നിലയില് ചെന്നിട്ടു പടി കേറി വേണം മുകളിലേക്ക് പോകാന് എന്ന് അവര് പറഞ്ഞു. 1994 വരെ, അതായതു സോവിയറ്റ് യുണിയന് തകര്ന്നു മൂന്നു വര്ഷം കഴിയുന്നവരെ അങ്ങനെയൊരു 23ആം നിലയെക്കുറിച്ച് ആ ഹോട്ടലില് ജോലി ചെയ്തിരുന്നവര്ക്കുപോലും അറിയില്ലായിരുന്നു എന്ന് അവര് ഒന്ന് കൂടെ എടുത്തു പറഞ്ഞു. ഇരുപത്തി രണ്ടു വര്ഷമാണ് സോവിയറ്റ് രഹസ്യ പോലസ് ആയിരുന്ന കേ.ജി.ബി ഈ നിലയും അതിന്റെ ഉള്ളിലെ രഹസ്യങ്ങളും പുറം ലോകം അറിയാതെ സൂക്ഷിച്ചത്. കുറച്ചു സമയമെടുത്തു എങ്കിലും ലിഫ്റ്റ് ഇരുപത്തി രണ്ടാം നിലയിൽ എത്തിയപ്പോൾ ഞങ്ങളുടെ ഗൈഡ് പറഞ്ഞു “ദാ ഇവിടെ നിന്ന് നോക്കിയാൽ ടാലിന് നഗരം മുഴുവനും കാണാം”. ശെരിയായിരുന്നു, മുകളില് നിന്ന് നോക്കിയാല് തുറുമുഘവും കടലും പട്ടണവും എല്ലാം കാണാന് പറ്റും. ഇങ്ങനെയൊരു രഹസ്യം ഇത്രേം മുകളില് കൊണ്ട് വെച്ചതിനും തക്കതായ കാരണങ്ങള് ഉണ്ട്, അതിലൊന്നാണ് ഇതു. കുറച്ചു കുശലം പറച്ചിലിന് ശേഷം ഞങ്ങളെ എസ്റ്റോണിയന് വനിത ഗൈഡ് മുകളിലെ നിലയിലേക്ക് കൊണ്ടുപോയി.
സാധാരണ ഒരു ഹോട്ടല് മുറിയുടെ എന്ന പോലെ ഒരു ചെറിയ വാതില്. ചരിത്ര പ്രാധാന്യമുള്ള ധാരാളം ചിത്രങ്ങളും അതിനെകുറിച്ചുള്ള എഴുത്തും ഭിത്തിയില് ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. എസ്റ്റോണിയന് , ഫിന്നിഷ് കൂടാതെ ഇംഗ്ലീഷ് ഭാഷയിലും ചിത്രങ്ങള്ക്ക് അടിക്കുറുപ്പ് ഉണ്ട്. കയറി ചെല്ലുമ്പോള് തന്നെ ഒരു ഉദ്യോഗസ്ഥന് ഇരിക്കാനുള്ള മേശയും കസേരയും കാണാം. അതിന്റെ അടുത്ത് തന്നെ ആ കാലഘട്ടത്തിലെ കേ.ജി.ബി ഉദ്യോഗസ്ഥരുടെ യുണിഫോം ഇട്ട ഒരു മനുഷ്യ പാവ നില്പ്പുണ്ട്. പുറകെയുള്ള നോട്ടീസ് ബോര്ഡില് കുറെ ചിത്രങ്ങളും , കൂടാതെ അന്നന്നത്തെ ഹോട്ടല് അതിഥികളുടെയും താമസക്കാരുടെയും പേരും വിശദാംശങ്ങളും എഴുതി വെച്ചിരിക്കുന്നു. രണ്ടു പഴയ മോഡല് ലാന്ഡ് ലൈന് ഫോണുകള് മേശപ്പുറത്തുണ്ട്, അതിലൊരെണ്ണം നേരെ മോസ്കോയിലെക്കുള്ള “Direct” ലൈന്ആയിരുന്നു അത്രേ.
1972 ഇല് ഹോട്ടൽ വിരു സ്ഥാപിച്ചത് തന്നെ പാശ്ചാത്യ രാജ്യങ്ങളില് നിന്നുമുള്ള അതിഥികൾക്ക് വേണ്ടിയാണ്. ആ കാലഘട്ടത്തില് സോവിയറ്റ് യൂണിയനിലെ ജനങ്ങളുടെ ജീവിത സ്ഥിതി ലോകത്തിലെ മറ്റു രാജ്യങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള് തികച്ചും വ്യത്യസ്തമായിരുന്നു. തുടക്കം മുതൽ തന്നെ ഹോട്ടൽ വിരുവില് ജോലി ലഭിക്കാൻ ആൾക്കാരുടെ തിക്കും തിരക്കുമായിരുന്നു. ആയിരും തസ്തികകളിലേക്ക് വേണ്ടി നാലായിരും നിവേദനങ്ങള് ആണ് ലഭിച്ചത് എന്ന് ചുവര് ചിത്രങ്ങളില് ഒന്നില് എഴുതി വെച്ചിരുന്നു. ഇതിനു കാരണങ്ങള് രണ്ടാണ്.
ഒന്ന്, അവിടെ സോവിയറ്റ് യൂണിയൻ എന്ന രാജ്യത്തിന്റെ കഴിവും പ്രൗഡിയും കാണിക്കാനുള്ള എല്ലാ സജീകരണങ്ങളും നടത്തിയിരുന്നു, അതായതു ലോകത്തിലെ തന്നെ ഏറ്റവും മികച്ച എല്ലാം തന്നെ അവിടെ കിട്ടും എന്നത് തന്നെയാണ് പ്രധാന കാരണം. കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രം തീര്ത്ത “Iron Curtain” ന്റെ പുറകില് സാമൂഹികമായി ഒറ്റപ്പെട്ടു കിടക്കുന്ന സോവിയറ്റ് ജനതയ്ക്ക് പുറം ലോകത്തെ കുറിച്ച് അറിയാനും മനസ്സിലാക്കാനും ഉള്ള ഒരു വഴിയാണ് ഈ ജോലി തുറന്നു കൊടുത്തത്. അതുമാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ വരുമ്പോൾ അവരുടെ കയ്യിൽ നിന്നും സോവിയറ്റ് യൂണിയനിലെ ജനങ്ങൾ കാണാത്ത പുസ്തകങ്ങൾ, സിഗരറ്റുകൾ, മദ്യങ്ങൾ, തുണിത്തരങ്ങൾ കൂടാതെ ഹോളിവുഡിലെയും ബ്രിട്ടനിലെയും സിനിമയുടെ പതിപ്പുകളും എല്ലാം സോവിയറ്റ് യൂണിയനിലേക്ക് കൊണ്ടുവരാന് പറ്റിയ ഒരു വഴി കൂടെ ആയിരുന്നു അത്.
രണ്ടാമതായി അവിടെ ജോലിക്ക് ശ്രമിക്കാൻ മറ്റൊരു കാരണം, അവിടെ ഉണ്ടാക്കുന്ന ഭക്ഷണമായിരുന്നു. അവിടെ വരുന്ന അതിഥികൾക്ക് പാചകം ചെയ്തു കൊടുക്കുന്നത് സാധാരണ സോവിയറ്റ് യൂണിയനിൽ കിട്ടുന്ന ഭക്ഷണമായിരുന്നില്ല. വിവിധ തരത്തില് ഉള്ള ഭക്ഷണ സാധനങ്ങള് ദിവസവും അവിടുത്തെ അതിഥികൾക്കായി അടുക്കളയില് ഉണ്ടാക്കിയിരുന്നു. കേക്ക്, ജ്യൂസ് എന്നിവയെല്ലാം ആവശ്യത്തില് കൂടുതല് ഹോട്ടലില് ഉണ്ടായിരുന്നതിനാല് ഇതെല്ലാം തന്നെ ദിവസവും കുറച്ചു, കുറച്ച് കടത്തി പുറത്തുകൊണ്ടു വിറ്റിരുന്നു അവിടുത്തെ ജീവനക്കാര്. ഹോട്ടല് വിരുവില് ഉണ്ടാക്കിയിരുന്ന ഒരു പ്രത്യേകതരം കേക്ക് ടാലിന് നഗരത്തില് “Local Hard Currency” ആയി ഉപയോഗിച്ചിരുന്നതായി ആണ് അറിയാന് കഴിഞ്ഞത്. അതുകൊണ്ടുതന്നെ ആ ഹോട്ടലിൽ ജോലി കിട്ടാൻ ആൾക്കാർ ക്യൂ നിൽക്കുകയായിരുന്നു.
ഇങ്ങനെയൊക്കെ ആകുമ്പോള് പാശ്ചാത്യ രാജ്യങ്ങളില് നിന്നും ധാരാളം അതിഥികള് വരും. അവരിലാരു വേണമെങ്കിലും അമേരിക്കയുടെയോ വെസ്റ്റ് ജെര്മനിയുടെയോ ചാരന്മാരാകാം, അല്ലെങ്കില് മുകളില് പറഞ്ഞ പോലെ കാമ്മ്യുണിസത്തിന് കളങ്കംവരുത്താവുന്ന പുസ്തകങ്ങളോ സിനിമകളോ മറ്റോ കടത്താന് ശ്രമിക്കുന്ന ദേശ ദ്രോഹികള് ആയിരിക്കാം. ഈ പറഞ്ഞതെല്ലാം എന്തായാലും നടക്കും എന്ന് മനസിലാക്കിയ സോവിയറ്റ് ഭരണകൂടം ഹോട്ടല് വിരു , രഹസ്യപൊലീസ് ആയിരുന്ന കെ ജി ബി യുടെ നിരീക്ഷണത്തിൽ ആക്കി. ഈയൊരു ഹോട്ടൽ കേന്ദ്രീകരിച്ച് ഇത്രയും നിർണായകമായ കാര്യങ്ങൾ കെ.ജി.ബി ചെയ്യുന്ന സ്ഥിതിക്ക് ഇവിടെത്തന്നെ ഒരു റേഡിയോ ടവർ സ്ഥാപിക്കാൻ സോവിയറ്റ് യൂണിയൻ ഭരണകൂടം തീരുമാനിച്ചു. അങ്ങനെയാണ് ഇരുപത്തി മൂന്നാം നിലയിലെ ഒരു രഹസ്യ മുറി അല്ലെങ്കിൽ ഈ രഹസ്യ നില തന്നെ ഉണ്ടായത്. എപ്പോഴും രണ്ടോമൂന്നോ കെ.ജി.ബി ഉദ്യോഗസ്ഥർ 23ആം നിലയിൽ ഉണ്ടായിരിക്കും എന്നാണ് പറയപ്പെടുന്നത്. എന്തുണ്ടെങ്കിലും നേരെ മോസ്കോയില് റിപ്പോര്ട്ട് ചെയ്തിരിക്കണം. ടാലിന് തുറമുഖത്ത് വന്ന് ഇറങ്ങിയാൽ അപ്പോള് മുതൽ ഏതൊരു അതിഥിയും നിരീക്ഷണത്തിലായിരിക്കും. അതുപോലെ തന്നെ ഹോട്ടലിൽ വന്നു താമസിക്കുമ്പോള് അവർ ആരെയൊക്കെ കാണുന്നു എവിടെയൊക്കെ പോകുന്നു എന്നുള്ളതെല്ലാം കൃത്യമായി കെ.ജി.ബി നോട്ട് ചെയ്തിരുന്നു കൂടാതെ അത് മോസ്കോയിലേക്ക് ദിവസവും റേഡിയോ സന്ദേശമായി അയക്കുകയും ചെയ്തിരുന്നു. അതിനെല്ലാം ഉപരി, ഹോട്ടൽ വിരുവിന്റെ ഓരോ മുറികളിലും ഭക്ഷണശാലയിലെ ഓരോ മേശകളിലും ഓരോ ആഷ്ട്രേകളിലും വരെ രഹസ്യമായി ശബ്ദം പിടിച്ചെടുക്കുന്ന ഉപകരണങ്ങള് ഘടിപ്പിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 94ഇല് ഇങ്ങനെയൊരു രഹസ്യം കണ്ടു പിടിച്ചതിനു ശേഷം അറ്റകുറ്റ പണികള്ക്കായി ചില ഭിത്തികള് ഇടിച്ചു കളഞ്ഞപ്പോൾ കോണ്ക്രീറ്റിനുള്ളില് വരെ ഇതുപോലെ ശബ്ദം റെക്കോർഡ് ചെയ്യുന്ന യന്ത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും പലയിടങ്ങളിലായി കണ്ടുപിടിക്കാതെ പോയ ധാരാളം ഇതുപോലെത്തെ രഹസ്യ ഉപകരണങ്ങള് നിലനിൽക്കുന്നു എന്നാണ് പറയപ്പെടുന്നത്. നീല് അര്മ്സ്ട്രോങ്ങ്, എലിസബത്ത് ടെയിലര് എന്ന നടി, ഇറാനിലെ ഷാ എന്നിവരെല്ലാം ഈ ഹോട്ടലില് അതിഥികളായി താമസിച്ചിട്ടുണ്ട്.
എന്നും രണ്ടോ മൂന്നോ കെ.ജി.ബി ഉദ്യോഗസ്ഥര് അവിടെ ജോലി ചെയ്തിരുന്നു എങ്കിലും, ഹോട്ടല് ജോലിക്കാര് പേടികാരണം അവരോടു സംസാരിക്കാന് മുതിരാറില്ലായിരുന്നു.
അകത്തെ മുറിയിലേക്ക് കടന്നപ്പോള് കണ്ണാടി കൂടുകളില് ഇതു പോലെ ചാരവൃത്തിക്കും നിരീക്ഷണതിനുമായി ഉപയോഗിച്ചിരുന്ന ധാരാളം ഉപകരണങ്ങള് നിരത്തി വെച്ചിരിക്കുന്നു. മുറിയുടെ ഒരു ഭാഗം 1994ല് കെ.ജി.ബി ഉദ്യോഗസ്ഥര് എങ്ങനെ ഉപേക്ഷിച്ചു പോയോ അതുപോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. ഫോണുകള് റേഡിയോ ഉപകരണങ്ങള് എല്ലാം തല്ലി തകര്ത്തിരിക്കുന്നു. കടലാസുകള് കത്തിച്ച രീതിയില് കാണാം. 91 ഇല് സോവിയറ്റ് യൂണിയൻ തകര്ന്ന് എസ്റ്റോണിയ ഒരു സ്വതന്ത്ര രാജ്യം ആയ ദിവസം രായ്ക്കുരാമാനം, ഉള്ളതെല്ലാം തകര്ത്തും, കത്തിച്ചുകളഞ്ഞും, എല്ലാം പൂട്ടിയിട്ട് ഒരേ രാത്രി കൊണ്ട് ഒഴിഞ്ഞു പോയ ഒരു ഓഫീസാണ് ഈ ഇരുപത്തിമൂന്നാം നില എന്നാണ് ഞങ്ങളുടെ ഗൈഡ് പറഞ്ഞത്.
എല്ലാം കണ്ടിറങ്ങിയപ്പോള് പുറത്തു വെച്ചിരിക്കുന്ന “Visitors Book”ഇല് ഒരു കുസൃതി എന്ന നിലയില്
ഞാന് എഴുതി.
ഞാന് എഴുതി.
“From the state of Kerala in India, which is still under the communist rule in 2019 “.
എന്താണ് ഞാന് എഴുതിയത് എന്ന് മനസിലാക്കിയപ്പോള് ഇത്രേം നേരം ചിരിച്ചു കൊണ്ട് നിന്ന ഞങ്ങളുടെ ഗൈഡ് വനിതയുടെ മുഖത്തു നിന്നും ആ പുഞ്ചിരി മേല്ലെ മാഞ്ഞു. കഴിഞ്ഞ ഒരു മണിക്കൂര് ഞങ്ങളോട് പറഞ്ഞു തന്ന ചരിത്രത്തെക്കാളും കൂടുതല് എനിക്കവരുടെ മുഖത്ത് നിന്ന് മനസിലാക്കാന് സാധിച്ചു. കേരളം കണ്ട കമ്മ്യുണിസം അല്ല ഇവര് കണ്ടിട്ടുള്ളത്. പിന്നെ ഒന്നും പറയാന് നില്ക്കാതെ ഞാന് ഇറങ്ങി. ഇറങ്ങി നടന്നപ്പോള് ഒരു ഫിന്നിഷ് സഹപ്രവര്ത്തകന് അവിടത്തെ ജനങ്ങള് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് എനിക്ക് വിവരിച്ചു തന്നു. ആ പുസ്തകത്തില് എഴുതിയ കുറിപ്പിനെ കുറിച്ച് അഭിമാനിക്കണോ അതോ കുറ്റബോധം തോന്നാണോ എന്നറിയാതെ ഒന്നും മിണ്ടാതെ ഞാന് ആള്ക്കൂട്ടത്തിലൂടെ നടന്നു.
ഉണ്ണികൃഷ്ണന് ശ്രീധര കുറുപ്പ്
Leave a Reply