Kilometers-and-Kilometers – A Finnish model

Kilometers-and-Kilometers – A Finnish model
Helsinki street with white church in the background
” കിലോമീറ്റെര്‍സ് ആന്‍ഡ്‌ കിലോമീറ്റെര്‍സ് “
 
Finland street with white church in background
Helsinki street with white church in background
 
ഫിന്‍ലാന്‍ഡിലെ  ഗതാഗതവകുപ്പും  പ്രകൃതി സംരക്ഷണവും, പിന്നെ ജനങ്ങളുടെ ആരോഗ്യവും.
 
 ഫിന്‍ലാന്‍ഡില്‍ എല്ലാവരും നടക്കുകയാണ്!!  കഴിഞ്ഞ രണ്ടു വര്‍ഷമായി ഫിന്‍ലാന്‍ഡില്‍ നടക്കുന്ന രസകരമായ ഒരു മത്സരത്തെക്കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.  സംഗതി ഒരു നടത്ത  മത്സരമാണ്.   ഇനിയുള്ള രണ്ടു മാസക്കാലം,  ഫിന്‍ലാന്‍ഡിലെ ജനങ്ങള്‍ വാഹനങ്ങള്‍ ഉപയോഗിക്കാതെ പറ്റുന്ന ഇടങ്ങളിലേക്കെല്ലാം നടത്തമാണ്.  മുതിര്‍ന്നവര്‍ ജോലി സ്ഥലങ്ങളിലേക്കും, കുട്ടികള്‍ സ്കൂളുകളിലേക്കും, പ്രായമായവര്‍ വ്യായാമത്തിനായും , എന്തിനു പറയുന്നു വീട്ടില്‍ വെറുതെയിരിക്കുന്ന കുഴി മടിയന്മാര്‍ വരെ നടന്നു തുടങ്ങുന്ന കാലം.  സ്വന്തം ആരോഗ്യം മാത്രം നോക്കിയല്ല, പ്രകൃതിയെ സംരക്ഷിക്കാന്‍ കൂടെയാണ് ഇത്.  ഈ മത്സരം ആര്,  എന്തിനു വേണ്ടി നടത്തുന്നു എന്നത് നമ്മള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു സംഗതിയാണ്.
 

ഓഗസ്റ്റ് മാസം ആയപ്പോൾ എല്ലാരും ചോദിച്ചുതുടങ്ങുന്ന ഒരു കാര്യമുണ്ട്, ” രജിസ്റ്റർ ചെയ്തോ, രജിസ്റ്റർ ചെയ്തോ” എന്ന്.  ആര് ഏറ്റവും കൂടുതൽ സ്പീഡിൽ നടക്കുന്നു  എന്നല്ല,  ആര് ഏറ്റവും കൂടുതൽ നടക്കുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്‍റെ കാതല്‍. മത്സരത്തില്‍ പങ്കു ചേരുന്നത് ഒറ്റയ്ക്കോ, അതോ സുഹൃത്തുക്കളുമായി ചേര്‍ന്ന് 20 പേര്‍ അടങ്ങുന്ന ഒരു ചെറിയ ഗ്രൂപ്പ്‌ ആയോ , അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പേര്‍ ഉള്ള ഒരു കമ്പനി ആയോ  അല്ലെങ്കിൽ ഒരു വലിയ അസോസിയേഷൻ  ആയോ ആവാം.  നൂറോ അതിലധികമോ പേര്‍ ഉള്ള വലിയ ഗ്രൂപ്പുകള്‍ ഉള്ളതായാണ്  അറിവ്.  ഗ്രൂപ്പില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം ആയിരത്തിൽ കൂടുതൽ കിലോമീറ്റർ നടന്നിട്ട് കാര്യമില്ല, രണ്ടു മാസം കഴിയുമ്പോള്‍ ഗ്രൂപ്പിലെ ഓരോരുത്തരും ശരാശരി എത്ര കിലോമീറ്ററുകള്‍ നടക്കുന്നു എന്നുള്ളതാണ് കണക്കാക്കുന്നത്
 
ഇനി,  ഈ മത്സരത്തിന്‍റെ ചരിത്രം കുറച്ച് പറയാം. നേരത്തെ പറഞ്ഞ പോലെ കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്ന മത്സരമാണിത്. സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ ആണ് സാധാരണ ഈ മത്സരം നടക്കാറ്.  ജനങ്ങൾ കാറുകളും വാഹനങ്ങളും ഉപയോഗിക്കാതെ കഴിയുന്ന അത്രയും നടക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് ഈ മത്സരത്തിന്‍റെ ലക്ഷ്യം. അങ്ങനെ പറയുമ്പോൾ , നിങ്ങള്‍ ചോദിക്കാവുന്ന ഒരു ചോദ്യം ഉണ്ട്,  ആരും ബസ്സില്‍ ഒന്നും കയറിയില്ലെങ്കില്‍ ഇവിടുത്ത പൊതു ഗതാഗത വകുപ്പ് നഷ്ട്ടത്തില്ലായിപൊളിഞ്ഞു പോകില്ലേ എന്ന്.   അതിനുള്ള ഉത്തരം,  ഇത് നടത്തുന്നത് തന്നെ ഇവിടത്തെ പൊതുഗതാഗത വകുപ്പിന്‍റെ കീഴിലുള്ള  എച്ച്.എസ്.എല്‍ (H.S.L) എന്നുപറയുന്ന കമ്പനിയാണ്. ജനങ്ങള്‍ കൂടുതൽ പ്രകൃതിയെ കുറിച്ച് അറിയുക, വാഹനത്തിൽ നിന്നുള്ള പുക അന്തരീക്ഷത്തിലേക്ക് തള്ളുന്നത് കുറയ്ക്കുക, അതിലൂടെ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നതും കുറയ്ക്കുക  എന്നുള്ളതാണ് ലക്ഷ്യം.
 
കഴിഞ്ഞ ദിവസം വാര്‍ത്തയില്‍ വായിക്കുകയുണ്ടായി കൊറോണ  ലോക്ക്ഡൌണ്‍ കാരണം അങ്ങ് ഡല്‍ഹിയില്‍ ഇപ്പോള്‍ വായു മലിനീകരണം കുറയുകയും, കഴിഞ്ഞ പല ദശാബ്ദങ്ങളായി കണ്ടിട്ടുള്ള എറ്റൊവും നല്ല വായു ശ്വസിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക്‌ ഇപ്പോള്‍ കഴിയുന്നു എന്നും. നാട്ടില്‍ ഇങ്ങനെ ഒരു സംഭവം അത്ര പ്രായോകിഗം അല്ല എങ്കിലും ഉണ്ടായിരുന്നെങ്കില്‍ വളരെ അധികം ഉപകരിച്ചിരുന്നേനെ എന്ന് തോന്നുന്നു.
 
55 ലക്ഷം മനുഷ്യര്‍ മാത്രം വസിക്കുന്ന ഈ നാട്ടിൽ, എല്ലാ മുനിസിപ്പാലിറ്റികളിലും ആൾക്കാർ ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.  ഇവരുടെ വെബ്സൈറ്റിൽ ഇമെയിലും പേരും, കൂടാതെ നമ്മൾ എവിടെ നിന്നാണ്  എന്നുള്ള വിവരവും  കൊടുത്ത് രജിസ്റ്റർ ചെയ്തുന്നു.  ഏതെങ്കിലും ഗ്രൂപ്പിന്‍റെ ടീമംഗം ആണെങ്കില്‍ ഗ്രൂപ്പിന്‍റെ പേര് , അല്ല ഒറ്റയ്ക്കാണെങ്കിൽ അങ്ങനെ. ഇതെല്ലാം കൊടുത്തതിനു ശേഷമാണ് നമുക്ക് ഈ മത്സരത്തിൽ പങ്കെടുക്കാൻ പറ്റുക. ഇതിൽ എല്ലാം ഉപരി രസകരമായ മറ്റൊരു കാര്യം പറയാം. ഇവരെല്ലാം നടക്കുന്ന ദൂരത്തിന്‍റെ കണക്കു എങ്ങനെ ഇവര്‍ ശേഘരിക്കുന്നു എന്ന് നിങ്ങള്‍ ചോദിക്കും. വളരെ സിമ്പിൾ ആണ് അതിനുള്ള ഉത്തരം.  ലോഗിന്‍ ചെയ്‌താല്‍ നാട്ടിലെ എല്ലാ ജനങ്ങളെയും “Track”ചെയ്യാന്‍ ആപ്പ് ഒന്നും ഫിന്നിഷുകാര്‍ ഉണ്ടാക്കിയിട്ടില്ല.   
 
ഫിന്നിഷുകാരെ സംബന്ധിച്ചിടത്തോളം ഇതിനു ഒറ്റ വഴിയെ ഉള്ളൂ , “സത്യം മാത്രം പറയുക”.  
 
“It’s good to remember that this is a fun- filled race with the main purpose of inspiring people to walk. Rewards are just a small incentive, the most important thing is the benefit of walking itself. The kilometers and minutes marked by each participant themselves are based on the honest spirit of competition and the appreciation of competitors.”
 
https://kavelykilometrikisa.fi/rules/  ഈ ലിങ്കില്‍ നിന്നുള്ള ഫിന്നിഷിന്‍റെ തര്‍ജിമ
 
 
ഒറ്റവരിയിൽ ഫിന്നിഷുകാർ അത് അവരുടെ വെബ്സൈറ്റില്‍ ഒതുക്കി.  “honest spirit of competition and the appreciation of competitors.”എല്ലാവരും സത്യം മാത്രമേ പറയൂ എന്നുള്ള വിശ്വാസമാണ് ഈ മത്സരത്തിന്‍റെ സവിശേഷത.
 
പരിസ്ഥിതി സംരക്ഷണം ശരീരം സംരക്ഷിച്ചു കൊണ്ടുമാകാം എന്നിതാ ഫിന്നിഷുകാര്‍ നമ്മളെ കാണിച്ചുതരുന്നു.  നമ്മൾ ഒരു പത്ത് കിലോമീറ്റർ നടന്നു കഴിഞ്ഞാൽ ഒരു കിലോ കാർബൺ ഡൈഓക്സൈഡ് (CO2)  അന്തരീക്ഷത്തിലേക്ക് തള്ളുന്നത് കുറച്ചു എന്നും ഇതിനു വേണ്ടിയുള്ള വെബ്‌സൈറ്റില്‍ കാണിക്കുന്നു.  ഇങ്ങനെ ഒരു മത്സരത്തിൽ ആയിരക്കണക്കിന്  ആൾക്കാർ പങ്കെടുക്കുന്നുണ്ട്,  അവർ നടക്കുന്ന ദൂരം കണക്കുകൂട്ടി അതേ ദൂരം കാറിലോ അല്ലെങ്കിൽ മറ്റേതെങ്കിലും വാഹനത്തിലോ സഞ്ചരിച്ചിരുന്നെങ്കില്‍ എത്ര കാർബൺ ഡൈഓക്സൈഡ് (CO2)  അന്തരീക്ഷത്തിലേക്ക് പുറത്തുവിടുമായിരുന്നു എന്നും എത്ര ലിറ്റര്‍ പെട്രോള്‍ ചിലവാക്കേണ്ടി വരുംമായിരുന്നു എന്നും ഈ മത്സരത്തിന്‍റെ അവസാനം കണക്കു കൂട്ടുന്നു. ഉദാഹരണമായി കഴിഞ്ഞ വർഷം ഇതേ മത്സരം നടന്നപ്പോൾ 1348 ടീമുകളിൽ ആയി 4005 പേരാണ് പങ്കെടുത്തത്. അവർ നടന്നതാവട്ടെ  617646 കിലോമീറ്ററുകൾ ആണ്.  ഇതു കാരണം കഴിഞ്ഞ ഒരു വര്‍ഷം മാത്രം അന്തരീക്ഷത്തിലേക്ക് പുറംതള്ളാതെ പോയ മലിന വായുവിനു കണക്കുണ്ടെങ്കിലും ഇത്രയും നടന്നത് കാരണം ഇവര്‍ക്കുണ്ടായ ആരോഗ്യം സംഭന്ധിച്ചുള്ള ഗുണങ്ങള്‍ക്ക് ഒരു കണക്കു കാണിക്കാന്‍ പറ്റുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു.
 
ഇതിൽ ഒന്നാം സ്ഥാനത്തിൽ വരുന്നവർക്ക് 50 കോടിയും 100 പവൻ സ്വർണവും ഒന്നുമല്ല.  ചില ചെറിയ  ഗിഫ്റ്റ് കാര്‍ഡുകള്‍ മാത്രം ആണ് സമ്മാനം. ഇത്രയും നടന്നത് കാരണം തന്‍റെ ആരോഗ്യത്തിലുണ്ടാകുന്ന നേട്ടങ്ങള്‍ എല്ലാവര്ക്കും ഒരു “Consolation Prize” ആണ് എന്ന വസ്തുത എടുത്തു പറയണ്ട ആവശ്യം ഇല്ലല്ലോ.  എന്നാലും എല്ലാവരും ഇതില്‍ കാര്യമായി പങ്കുചേര്‍ന്നു നടക്കുന്നത് കാണുമ്പോള്‍ ഒരു സന്തോഷം. 
 
ഇതിപ്പൊ പറയാൻ കാരണം,  ഫിന്‍ലാന്‍ഡിലെ മലയാളികള്‍ ഈ മത്സരത്തില്‍ പങ്കുചെര്‍ന്നിട്ടുണ്ട്. പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും എല്ലാം ഇതില്‍ വളരെ ഉത്സാഹത്തോടുകൂടിയാണ് മത്സരിക്കുന്നത്. ദിവസവും എട്ടും പത്തും കിലോമീറ്ററുകള്‍ അവരെല്ലാം നിഷ്പ്രയാസം നടക്കുന്നു. അണ്ണാന്‍ കുഞ്ഞുംതന്നാലായത് എന്ന് പറയുന്ന പോലെ,  എന്‍റെ സുഹൃത്തുക്കള്‍ അടങ്ങുന്ന പത്തു  പേരുള്ള ടീമിന്‍റെ  ഭാഗമായി ദിവസേന ഞാനും  കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയെങ്ങാനും സമ്മാനം കിട്ടിയാലോ?
 
ശുഭം
 
 
 

Leave a Reply

Your email address will not be published. Required fields are marked *

*

This site uses Akismet to reduce spam. Learn how your comment data is processed.